ദമാം നവോദയ സാംസ്കാരിക വേദി സ്നേഹസംഗമത്തിന് പ്രൌഢോജ്വലമായ തുടക്കം
Wednesday, November 5, 2014 5:00 AM IST
ദമാം: സാംസ്കാരിക ജീര്‍ണതക്കും തെറ്റായ ജീവിതശൈലിക്കുമെതിരെ നവോദയ സാംസ്കാരിക വേദി കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്നേഹസംഗമത്തിന് ദമാമില്‍ പ്രൌഢോജ്വലമായ തുടക്കം.

വെള്ളിയാഴ്ച വൈകിട്ട് ദമാം പാരഗണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അല്‍ഹസ ഇസ്ലാമിക് സെന്റര്‍ മലയാള വിഭാഗം മേധാവി നാസര്‍ മദനി സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു.

തെറ്റായ ജീവിതശൈലിമൂലം എല്ലാം നഷ്ടമായി ഒടുവില്‍ ആത്മഹത്യയില്‍ അഭയം തേടുന്ന മലയാളികളൂടെ എണ്ണം പ്രവാസമേഖലയിലും വര്‍ധിക്കുകയാണെന്ന് നാസര്‍ മദനി ഓര്‍മിപ്പിച്ചു. അനുദിനം നഷ്ടമായികൊണ്ടിരിക്കുന്ന സാംസ്കാരിക മൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ നവോദയ സാംസ്കാരിക വേദി നടത്തുന്ന പ്രവര്‍ ത്തനങ്ങള്‍ ശ്ളാഘനീയമാണ്.

ലഹരിയുടെ ഉപയോഗവും ആഡംബരവും ധൂര്‍ത്തും പെരുകുന്നു. കടം നല്‍കി സഹായിക്കാന്‍ മടി കാണിക്കുന്നവര്‍ പലിശക്ക് എത്ര വേണമെങ്കിലും കൊടുക്കാന്‍ തയാറാകുന്നു. പ്രവാസമേഖലയില്‍ പുരുഷന്മാരെപോലെ സ്ത്രീകളും പലിശക്ക് കൊടുക്കുന്നവരില്‍ ഉണ്ടന്നത് യാഥാര്‍ഥ്യമാണ്. ഇത്തരം പ്രവണതകള്‍ക്കെതിരെ നവോദയ സംഘടിപ്പിക്കുന്ന സ്നേഹസംഗമത്തിന് മുഴുവന്‍ സാംസ്കാരിക പ്രവര്‍ത്തകരും സംഘടനകളും പിന്തുണ നല്‍കേണ്ടതാണെന്ന് നാസര്‍ മദനി അഭിപ്രായപ്പെട്ടു.

നവോഥാനത്തിലൂടെ മലയാളി സമൂഹം നേടിയെടുത്ത മതനിരപേക്ഷമായ സാംസ്കാരിക പരിസരങ്ങളില്‍ നിന്ന് വഴിമാറി, അന്ധവിശ്വാസങ്ങളില്‍ അഭയം തേടുന്ന പ്രവണത സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ഈ കാലത്ത് അതിനെതിരെയുള്ള ഓര്‍മപ്പെടുത്തലിനൊപ്പം ശക്തമായ ബോധവത്കരണം കൂടി സ്നേഹ സംഗമത്തിലൂടെ നവോദയ ലക്ഷ്യമിടുന്നതായി നവോദയ ജനറല്‍ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് സ്വാഗത പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

പ്രവാസ മേഖലയില്‍ മരണമടയുന്നവരില്‍ പലരും തെറ്റായ ജീവിത രീതികള്‍ക്ക് അടിമകളായിരുന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. സമൂഹത്തില്‍ നിന്ന് ഒറ്റ പ്പട്ട് സ്വയം ഉള്‍വലിയുന്ന ഒരു വലിയ സമൂഹവും പ്രവാസ മേഖലയില്‍ ജീവിക്കുന്നു. തന്റെ വരുമാനത്തിനപ്പുറം ചെലവഴിക്കുന്ന ശീലം പ്രവാസി സമൂഹ ത്തില്‍ വളരുന്നു. ഇത്തരം ആഡംബരങ്ങള്‍ക്കും ദുര്‍വ്യയങ്ങള്‍ക്കുമെതിരെ സമൂഹത്തെ ബോധവത്കരിക്കേണ്ടതുണ്െടന്നും അതിനുള്ള ഗൌരവതരമായ ശ്രമങ്ങളാണ് സ്നേഹസംഗമം വഴി നവോദയ നടത്തുന്നതെന്ന് വിഷയം അവതരി പ്പിച്ച് സംസാരിച്ച നവോദയ കേന്ദ്ര വൈസ് പ്രസിഡ് ഹനീഫ മൂവാറ്റുപുഴ അഭിപ്രായപ്പെട്ടു.

പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും മലായാളം ന്യൂസ് ദമാം ബ്യൂറോ ചീഫുമായ
പി.എ.എം. ഹാരിസ്, ഒഐസിസി പ്രതിനിധി സക്കീര്‍ ഹുസൈന്‍, കെഎംസിസി പ്രതിനിധി ബക്കര്‍ എടയന്നൂര്‍, നവോദയ സാമൂഹ്യക്ഷേമ കോഓര്‍ഡിനേറ്റര്‍ ഇ.എം. കബീര്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.

കേരളപിറവിദിനമായ നവംബര്‍ ഒന്നു മുതല്‍ ഒരു മാസം നീളുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് നവോദയ തുടക്കം കുറിക്കുന്നത്. കിഴക്കന്‍ പ്രവിശ്യയിലെ മുഴുവന്‍ യൂണിറ്റുകളിലും സ്നേഹസംഗമങ്ങള്‍ നടക്കും. കലയും സംസ്കാരവും ആഘോഷമാകുന്ന പുതിയ കാലത്ത്, ജീവിതഗന്ധിയായ ഒരു സംസ്കാരത്തിന്റെ വീണ്െടടുപ്പിനുള്ള വേദി കൂടിയാവും വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന സ്നേഹസംഗമങ്ങള്‍ ഓരോന്നും.

പവനന്‍ മൂലക്കീല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുധീഷ് ത്യപ്രയാര്‍ നന്ദി പറഞ്ഞു. നവോദയ കലാകാരന്മാര്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം