'ധനഞ്ജയം' - കഥകളി, തായമ്പക മഹോത്സവം നവംബര്‍ അഞ്ചു മുതല്‍
Tuesday, November 4, 2014 10:15 AM IST
അബുദാബി: കേരളത്തിന്റെ തനതു കലകളെ എക്കാലവും പ്രോത്സാഹിപ്പിച്ചു വരുന്ന സംഘടനകളായ ശക്തി തിയറ്റേഴ്സ് അബുദാബിയും മണിരംഗ് അബുദാബിയും സംയുക്തമായി പത്മശ്രീ കലാമണ്ഡലം ഗോപി ആശാനും സംഘവും വേഷമിടുന്ന മൂന്ന് കഥകള്‍ 'ധനഞ്ജയം' എന്ന കഥകളി മഹോത്സവം പരിപാടിയിലൂടെ നവംബര്‍ അഞ്ചു മുതല്‍ എട്ടു വരെ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വേദിയില്‍ സഹൃദയര്‍ക്കായി അവതരിപ്പിക്കുന്നു.

കേരളത്തിലെ പ്രഗല്‍ഭരായ അനേകം നടനഗായകവാദകന്‍മാരും ഗോപിയാശാനോടൊപ്പം പങ്കെടുക്കുന്നു.

മൂന്നു ദിവസവും കഥകളിയോടൊപ്പം പ്രഗത്ഭ കലാകാരന്മാരായ പോരൂര്‍ ഉണ്ണികൃഷ്ണന്‍, കല്‍പാത്തി ബാലകൃഷ്ണന്‍, ഉദയന്‍ നമ്പൂതിരി എന്നിവര്‍ അവതരിപ്പിക്കുന്ന തായമ്പകയും ഉണ്ടായിരിക്കും. തായമ്പകയുടെ തനതു സംഗീതത്തോടൊപ്പം മൂന്നു ദിവസങ്ങളായി 'മലമക്കാവ്', 'പാലക്കാടന്‍', പല്ലാവൂര്‍ എന്നീ വിവിധ താളങ്ങളില്‍ തായമ്പക അവതരിപ്പിക്കുന്നു.

നവംബര്‍ അഞ്ചിന് (ബുധന്‍) നടക്കുന്ന ആദ്യ ദിവസത്തെ കഥാഖ്യാനത്തിനുശേഷം നവംബര്‍ ആറു മുതല്‍ എട്ടു വരെ അബുദാബി കേരള സോഷ്യല്‍ സെന്റെറില്‍ മൂന്ന് ദിവസങ്ങളിലായാണ് 'ധനഞ്ജയം' അവതരിപ്പിക്കുന്നത്. അബുദാബിയിലെ കലാ സ്നേഹികളെ സംബന്ധിച്ചിടത്തോളം കഥകളി, തായമ്പക മഹോത്സവം മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന വൈവിധ്യമാര്‍ന്നതും അതോടൊപ്പം മികവുറ്റതുമായ ഒരു സംഗീത നാട്യാനുഭാവമാകുമെന്നതില്‍ സംശയമില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ നള ചരിതം ആട്ടക്കഥയും കര്‍ണ ശപഥവും വേദിയില്‍ അവതരിപ്പിച്ചു കൊണ്ട് അബുദാബിയിലെ കലാസ്വാദകരില്‍ ആനന്ദത്തിന്റെ മായാ പ്രപഞ്ചം തീര്‍ത്ത മഹാനടന്‍ പത്മശ്രീ കലാമണ്ഡലം ഗോപി ആശാന്‍ തന്നെയാണ് ധനഞ്ജയത്തെ നിത്യ വിസ്മയമാക്കുന്നത്. സന്താനഗോപാലം ഉത്തരാസ്വയംവരം, സുഭദ്രാഹരണം എന്നീ കഥകളിലെ നായക വേഷങ്ങളെയാണ് ഗോപിയാശാന്‍ അരങ്ങില്‍ അവതരിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്; അനില്‍ സി. ഇടിക്കുള