ജര്‍മന്‍കാര്‍ക്ക് കുടിയേറ്റക്കാരുടെ എണ്ണം അറിയില്ല, ക്രൈസ്തവരുടെ എണ്ണമറിയാം
Tuesday, November 4, 2014 10:11 AM IST
ബര്‍ലിന്‍: രാജ്യത്തെ കുടിയേറ്റക്കാര്‍, തൊഴില്‍രഹിതര്‍, മുസ്ലിങ്ങള്‍ എന്നിവരുടെ എണ്ണത്തെക്കുറിച്ച് ഭൂരിപക്ഷം ജര്‍മനിക്കാര്‍ക്കും തീരെ ധാരണയില്ല. യഥാര്‍ഥത്തിലുള്ളതിനെക്കാള്‍ വളരെ വലിയ സംഖ്യകളാണ് പലരും മനസിലാക്കിവച്ചിരിക്കുന്നത്. എന്നാല്‍, രാജ്യത്തെ ക്രിസ്ത്യാനികളുടെ എണ്ണം ഭൂരിപക്ഷം പേരും ഏറെക്കുറെ കൃത്യമായി പഠിച്ചുവച്ചിരിക്കുകയും ചെയ്യുന്നു.

പോള്‍സ്റ്റര്‍ സ്ഥാപനമായ ഇപ്സോസ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്. ആയുര്‍ദൈര്‍ഘ്യം, കൌമാര ഗര്‍ഭധാരണം തുടങ്ങിയ വിഷയങ്ങളില്‍ മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരെക്കാള്‍ കൃത്യമായ ഉത്തരങ്ങള്‍ നല്‍കാന്‍ ജര്‍മിക്കാര്‍ക്കു സാധിക്കുന്നു.

എട്ട് യൂറോപ്യന്‍ രാജ്യങ്ങളിലും ഓസ്ട്രേലിയ, അമേരിക്ക, ജപ്പാന്‍, സൌത്ത് കൊറിയ എന്നിവിടങ്ങളിലുമാണ് സര്‍വേ നടത്തിയത്. ഈ വിഷയങ്ങളില്‍ ഏറ്റവും കൂടുതല്‍ അജ്ഞത ഇറ്റലിക്കാര്‍ക്കാണ്. തൊട്ടു പിന്നില്‍ അമേരിക്കക്കാരും.

ജര്‍മനിയില്‍, 0.4 ശതമാനം കൌമാരക്കാരികളാണ് പ്രതിവര്‍ഷം പ്രസവിക്കുന്നത്. സര്‍വേയില്‍ കിട്ടിയ ശരാശരി ഉത്തരം 14 ശതമാനം. യുഎസില്‍ മൂന്നു ശതമാനമാണ് ശരിയെങ്കില്‍, കിട്ടിയ ഉത്തരം 24 ശതമാനമെന്നായിരുന്നു.

ജര്‍മനിയില്‍ ആറു ശതമാനം മാത്രമാണ് തൊഴിലില്ലായ്മ എന്നിരിക്കെ, 20 ശതമാനമെന്ന ഉത്തരമാണ് സര്‍വേയില്‍ കിട്ടിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍