ഖാദി ആയുര്‍വേദ ഉത്പന്നങ്ങളുടെ വ്യാപാര പേറ്റന്റ് ജര്‍മന്‍ കമ്പനിക്ക് ലഭിച്ചു
Tuesday, November 4, 2014 10:11 AM IST
ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി: നിരവധി ആയുര്‍വേദ, മസാല-കറിക്കൂട്ടുകളുടെയും പേറ്റന്റ് വിദേശ കമ്പനികള്‍ സ്വന്തമാക്കിയതുപോലെ ഖാദി എന്ന വാക്കിന്റെ ക ച്ചവട അവകാശവും ഇന്ത്യക്കു നഷ്ടപ്പെട്ടു.

ഖാദി എന്ന പേരില്‍ ആയുര്‍വേദ, കോസ്മറ്റിക് ഉത്പന്നങ്ങള്‍ വിതരണം ചെയ്യാനുള്ള ട്രേഡ് മാര്‍ക്ക് രജിഷ്ട്രേഷന്‍ ജര്‍മന്‍ കമ്പനി ഖാദി നേച്ചര്‍ പ്രൊഡക്ട്സ് സ്വന്തമാക്കി.

ഇന്ത്യയില്‍ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിന്റെ കീഴില്‍ പതിറ്റാണ്ടുകളായി വിതരണം ചെയ്തിരുന്ന അതേ ഉത്പന്നങ്ങള്‍ തന്നെയാണ് ജര്‍മന്‍ കമ്പനി വില്‍ക്കുന്നത്. സോപ്പ്, ഷാംപൂ, ആയുര്‍വേദ എണ്ണ എന്നിവ ഖാദി എന്ന പേരില്‍ ഈ ജര്‍മന്‍ കമ്പനി യൂറോപ്യന്‍ വിപണിയില്‍ വില്‍ക്കുന്നു. ബെല്‍ജിയം ആസ്ഥാനമായ ഓഫീസ് ഓഫ് ഹാര്‍മണൈസേഷനില്‍ നിന്നാണ് ഈ ജര്‍മന്‍ കമ്പനി ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷന്‍ സ്വന്തമാക്കിയത്.

ഇന്ത്യന്‍ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് ഇതുവരെ പേറ്റന്റിനോ ട്രേഡ് മാര്‍ക്കിനോ അപേക്ഷിച്ചിരുന്നില്ല. തുണിത്തരങ്ങള്‍ ഒഴിച്ച് എല്ലാ ഖാദി ഉത്പന്നങ്ങളും ജര്‍മന്‍ കമ്പനി ഇപ്പോള്‍ വില്‍ക്കുന്നു. ഇന്ത്യന്‍ ഖാദി ബോര്‍ഡ് പരാതി നല്‍കാന്‍ തീരുമാനിച്ചുണ്െടങ്കിലും ഇന്ത്യക്ക് അനുകൂലമായ തീരുമാനം എളുപ്പം അല്ലെന്ന് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വിവിധ തരം കണ്‍മഷി, നെല്ലി, വേപ്പ്, കീഴാര്‍നെല്ലി, ബ്രഹ്മി, ഭൃംഗ എന്നിവ ഉപയോഗിച്ച് നിര്‍മിക്കുന്ന നിരവധി ഉത്പന്നങ്ങള്‍ ഈ ജര്‍മന്‍ കമ്പനി വില്‍പ്പന നടത്തുന്നു. ആയുര്‍വേദ വിധി പ്രകാരമാണ് ഇവ നിര്‍മിക്കുന്നതെന്നും കമ്പനി പറയുന്നു. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ എന്ന വിശേഷണവും കമ്പനിയുടെ വില്‍പ്പന വെബ്സൈറ്റില്‍ ഉണ്ട്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍