'പ്രതിഭോത്സവ് 2014' വിജയകരമായി
Tuesday, November 4, 2014 8:56 AM IST
ഹൂസ്റണ്‍: ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനസമാഹരണാര്‍ഥം ഹൂസ്റണ്‍ പ്രതിഭാ ആര്‍ട്സ് നടത്തിയ സ്റ്റേജ് ഷോ പ്രതിഭോത്സവ് 2014 വിജയമായി. ഒക്ടോബര്‍ 19 ന് (ഞായര്‍) വൈകിട്ട് ആറിന് സ്റാഫോര്‍ഡ് ഓള്‍ഡ് സിവിക് സെന്ററില്‍ അരങ്ങേറിയ പ്രതിഭോത്സവില്‍ 2014 ല്‍ ഹൂസ്റണിലെ പ്രതിഭാധനരായ കലാകാരന്മാര്‍ അണിനിരക്കുകയുണ്ടായി.

ശ്രുതി മധുരമായ ഗാനങ്ങള്‍ കൊണ്ടും ശാസ്ത്രീയ നൃത്ത ചുവടുകളും കൊണ്ടും ഹാസ്യം നിറഞ്ഞു തുളുമ്പുന്ന രംഗങ്ങളും കൊണ്ട് കാഴ്ചക്കാരെ ആനന്ദത്തിലാറാടിച്ച പ്രതിഭോത്സവ് 2014 മടിപ്പുളവാക്കാത്തതും വ്യത്യസ്തമായ അനുഭൂതിയും വേറിട്ട ശൈലിയും പുലര്‍ത്തുകയുണ്ടായി. കേട്ടു പഴകിയതും കണ്ടു മടുത്തതുമായ പരിപാടികള്‍ പൂര്‍ണമായി ഒഴിവാക്കിയ പ്രതിഭോത്സവ് 2014 ഏറെ പുതുമയുളവാക്കി.

ഹൂസ്റണ്‍ സെന്റ് മേരീസ് യാക്കോബായ ചര്‍ച്ച് വികാരി. ഫാ. ബിനു ജോസഫിന്റെ പ്രാര്‍ഥനയോട് ആരംഭിച്ച പരിപാടിയില്‍ പ്രതിഭാ ആര്‍ട്സ് കോഓര്‍ഡിനേറ്റര്‍ സുകു കൊടുവേലില്‍ സ്വാഗതം ആശംസിച്ചു. പരിപാടിയില്‍ കൂടി സമാഹരിക്കുന്ന പണം കോട്ടയം സ്വാന്തനം ഓര്‍ഫനേജിന് നല്‍കുന്നതാണെന്ന് സ്വാഗത പ്രസംഗത്തില്‍ അദ്ദേഹം പറയുകയുണ്ടായി. തുടര്‍ന്ന് സ്റാഫോര്‍ഡ് സിറ്റി കൌണ്‍സില്‍ മാന്‍ കെന്‍ മാത്യു പത്രപ്രവര്‍ത്തകനും പ്രവാസി ന്യൂസ് എഡിറ്ററുമായ ബ്ളെസന്‍ ഹൂസ്റ്റണ്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

നന്മ ചെയ്യുന്നതിനേക്കാള്‍ പ്രശസ്തിയും കൈയടിയും നേടാന്‍ വേണ്ടി ചെറിയ കാര്യങ്ങള്‍ ചെയ്ത് വലിയവരാകാന്‍ ശ്രമിക്കുന്നവരുടെ ലോകത്ത് സഹജീവികളുടെ കണ്ണീരൊപ്പാനും കൈത്താങ്ങാകാനും ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന പ്രതിഭാ ആര്‍ട്സിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ബ്ളെസന്‍ ഹൂസ്റണ്‍ ആശംസകളര്‍പ്പിച്ചുകൊണ്ട് പറഞ്ഞു. തുടര്‍ന്ന് അരങ്ങേറിയ പ്രതിഭോത്സവത്തില്‍ റോഷി മാലേത്ത്, സുഗു കൊടുവേലില്‍, ആഡ്രു ജേക്കബ്, ആന്റോ അങ്കമാലി, ബിജു കോട്ടയം, ബാബു ചേര്‍ത്തല, ബിജു ജോര്‍ജ്, ഷിനോ ഏബ്രഹാം, മീരാ സഖറിയ, മെറിന്‍ റോസ് എന്നിവര്‍ ഗാനമേളയും സുശീല്‍ വര്‍ക്കലയും സംഘവും ഹാസ്യ കലാപരിപാടിയും ലക്ഷ്മി പീറ്റര്‍ ശാസ്ത്രീയ നൃത്തവും അവതരിപ്പിച്ചു. ആഡ്രു ജേക്കബ് എംസിയായിരുന്നു. ബാബു ചേര്‍ത്തല എത്തിയ ഏവര്‍ക്കും സഹകരിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി