ഡാളസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ കട്ടിളവയ്പ് പൂജ നടത്തി
Monday, November 3, 2014 10:20 AM IST
ഡാളസ്: കേരള ഹിന്ദു സൊസൈറ്റി ഡാളസിലെ കരോള്‍ട്ടണ്‍ സിറ്റിയില്‍ നിര്‍മിക്കുന്ന ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ മുഖ്യ ശ്രീകോവില്‍ കട്ടിളവയ്പ് പൂജകള്‍ നവംബര്‍ ഒന്നിന് (ശനി) രാവിലെ നടന്നു.

കേരളത്തില്‍ നിന്നും എത്തിച്ച കരിങ്കല്ലില്‍ തീര്‍ത്ത കട്ടിള ക്ഷേത്ര മേല്‍ശാന്തി ഇളങ്ങല്ലൂര്‍ നാരായണന്‍ നമ്പൂതിരി പൂജുകള്‍ നിര്‍വഹിച്ചശേഷം ശില്‍പ്പികളായ രതീഷ് ചന്ദ്രനും അനില്‍ കുമാറിനും ഏല്‍പ്പിച്ചു കൊടുത്തു.

കേരളീയ ക്ഷേത്ര നിര്‍മാണ ശാസ്ത്രത്തില്‍ വിദഗ്ധരായ ശില്‍പ്പികള്‍ തച്ചുശാസ്ത്ര കണക്കു പ്രകാരം കട്ടിള ശ്രീകോവിലിന്റെ മുന്‍ ഭാഗത്ത് ഉറപ്പിച്ചു. നാമ ജപത്താല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ നടന്ന ഈ അപൂര്‍വ ചടങ്ങില്‍ സംബന്ധിക്കുവാന്‍ അനേകം ഭക്തജനങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു.

2015 മേയില്‍ നടക്കാനിരിക്കുന്ന പ്രതിഷ്ഠ ചടങ്ങിനായി ആകാംഷയോടെ കാത്തിരിക്കുന്നതായി കെഎച്ച്എസ് പ്രസിഡന്റ് ശ്യാമള നായരും ട്രസ്റി ചെയര്‍മാന്‍ വിലാസ് കുമാറും അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍