ജര്‍മനിയില്‍ വേള്‍ഡ് മലയാളി കുടുംബസംഗമത്തിന് തുടക്കമായി
Saturday, November 1, 2014 10:01 AM IST
ബര്‍ലിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) ജര്‍മന്‍ പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തിനും കേരളപിറവി ആഘോഷത്തിനും ഒക്ടോബര്‍ 31 ന് (വെള്ളി) സ്റുട്ട്ഗാര്‍ട്ട് നഗരത്തിനടുത്തുള്ള പ്ഫോര്‍സ്ഹൈമില്‍ തുടക്കമായി.

വൈകിട്ട് 7.30ന് വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ളോബല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോളി തടത്തില്‍, ഡബ്ള്യുഎംസി യൂറോപ്പ് റീജിയണ്‍ പ്രസിഡന്റ് തോമസ് അറമ്പന്‍കുടി, ഡബ്ള്യുഎംസി ജര്‍മന്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ജോര്‍ജ് ചൂരപൊയ്കയില്‍, പ്രോവിന്‍സ് പ്രസിഡന്റ് ജോസഫ് വെള്ളാപ്പള്ളില്‍, പ്രൊവിന്‍സ് സെക്രട്ടറി ജോസ് കുമ്പിളുവേലില്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ചു. ചെയര്‍മാന്‍ ജോര്‍ജ് ചൂരപ്പൊയ്കയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോളി തടത്തില്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസഫ് വെള്ളാപ്പള്ളില്‍ സ്വാഗതം ആശംസിച്ചു. സ്മിതാ നായര്‍ പ്രാര്‍ഥനാ ഗാനം ആലപിച്ചു. സെക്രട്ടറി ജോസ് കുമ്പിളുവേലില്‍ നന്ദി പറഞ്ഞു.

വിവിധ കലാപരിപാടികള്‍ക്കു പുറമെ ഓള്‍ഡീസ് നൈറ്റ് ഗാനമേളയും ആഘോഷത്തിന് കൊഴുപ്പേകി. ഏബ്രഹാം നടുവിലേഴത്ത്, തോമസ് അറമ്പന്‍കുടി, ജോസഫ് മാത്യു, വിനോദ് ബാലകൃഷ്ണ, തോമസ് മാത്യു, സാബു ജേക്കബ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

രണ്ടാം ദിവസമായ നവംബര്‍ ഒന്നിന് പ്രവാസി സംബന്ധമായ ആനുകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കി ചര്‍ച്ചകള്‍, കള്‍ച്ചറല്‍ ഈവനിംഗ്, യോഗ, മെഡിറ്റേഷന്‍, ഫണ്‍ ഗെയിംസ്, സ്പോര്‍ട്സ്, ചീട്ടുകളി മല്‍സരങ്ങള്‍ തുടങ്ങിയവയ്ക്കു പുറമെ കേരളത്തിന്റെ ജന്മദിനാഘോഷവും സംഗമത്തിന്റെ വേദിയില്‍ അരങ്ങേറും. പ്ഫോര്‍സ്ഹൈം ഡില്‍ വൈസന്‍സ്റൈനിലെ യൂത്ത് അക്കാഡമിയിലാണ് പരിപാടികള്‍ നടക്കുന്നത്.

ഇതാദ്യമായാണ് ജര്‍മനിയില്‍ കേരളപിറവിയാഘോഷം സംഘടിപ്പിക്കുന്നത്. ജോര്‍ജ് ചൂരപൊയ്കയില്‍, ജോസഫ് വെള്ളാപ്പള്ളില്‍, ജോസ് കുമ്പിളുവേലില്‍, സാറാമ്മ ജോസഫ് സുധാ വെള്ളാപ്പള്ളില്‍ തുടങ്ങിയവരാണ് സമ്മേളനത്തിന് ചുക്കാന്‍ പിടിക്കുന്നത്. സംഗമത്തിന് നവംബര്‍ രണ്ടിന് (ഞായര്‍) തിരശീല വീഴും.