കാലത്തിന്റെ വെളിച്ചമാകുക: യൂത്ത് ഇന്ത്യ കാമ്പയിന്‍
Friday, October 31, 2014 7:09 AM IST
ദമാം: പ്രവാസി യുവാക്കള്‍ക്ക് ധാര്‍മികതയിലൂന്നിയ കര്‍മവീഥി തെളിയിച്ച് മാറ്റത്തിന്റെ തിരിതെളിയിക്കുവാന്‍ കരുത്തു നല്‍കിക്കൊണ്ട് യൂത്ത് ഇന്ത്യ സൌദിയില്‍ കാലത്തിന്റെ വെളിച്ചമാവുക എന്ന തലക്കെട്ടില്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. പ്രവാസ യൌവനത്തെ സാമൂഹിക പ്രതിബദ്ധതയോടെ കര്‍മോത്സുകരാക്കി മാറ്റുവാന്‍ ഉതകും വിധം വ്യത്യ,സ്ത പരിപാടികള്‍ കാമ്പയിന്‍ കാലയളവില്‍ സംഘടിപ്പിക്കും.

ജീവിതാനിവാര്യത്തില്‍ പ്രവാസികളായി മാറിയെങ്കിലും ജന്മനാടിന്റെ സ്വപ്നങ്ങളും തുടിപ്പുകളും നെഞ്ചേറ്റി നടക്കുന്നവരാണ് കേരളീയര്‍. പ്രവാസത്തിന്റെ ചൂടിലും നാടും നാട്ടുകാരും നാടിന്റെ വികസനവും പ്രവാസിയുടെ ദൌര്‍ബല്യങ്ങളായിരുന്നു. അത്യാര്‍ത്തി പൂണ്ട മുതലാളിത്ത സംസ്കാരത്തിന്റെ കടന്നു കയറ്റത്തില്‍ തന്നിലേക്ക് ചുരുങ്ങിക്കൂടി വിശാല സാമൂഹിക ബോധത്തോട് പുറം തിരിഞ്ഞ് നില്‍ക്കുന്ന പുതുതലമുറയെ സമൂഹത്തിന് ഗുണകരമായി പരിവര്‍ത്തിച്ചെടുക്കേണ്ടത് അനിവാര്യമാണ്. ടെക്നോളജിയുടെ അടിമകളായി കൂടുതല്‍ അരാഷ്ട്രീയവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന യുവത്വം കാലത്തിന്റെ ശാപമായി തീരും. സൌകര്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ കൂടുതല്‍ അലസമായി തീരുന്ന യൌവനത്തെ ചിന്തയും പ്രതീക്ഷയും നല്‍കി ഉണര്‍ത്തേണ്ടിയിരിക്കുന്നു. വ്യവസ്ഥകളുടെ ക്രമക്കേടുകള്‍ക്കെതിരെ പ്രതികരിക്കുന്ന ചടുല യൌവനമാണ് കാലത്തിന്റെ തേട്ടം.

നവംബര്‍ ഒന്നു മുതല്‍ നടക്കുന്ന കാമ്പയിന്റെ ഭാഗമായി സൌദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിലായി വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെ യുവാക്കളുമായി സംവദിക്കും. ചര്‍ച്ചാസദസുകള്‍, ടേബിള്‍ ടോക്ക്, കലാ, സാംസ്കാരിക പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന യുവജന സംഗമങ്ങള്‍, വീഡിയോ പ്രദര്‍ശനങ്ങള്‍ തുടങ്ങി ആകര്‍ഷകമായ പരിപാടികള്‍ സംഘടിപ്പിക്കും. ലേബര്‍ ക്യാമ്പ് സന്ദര്‍ശനവും സേവന പ്രവര്‍ത്തനങ്ങളും കാമ്പയിന്‍ കാലയളവില്‍ പ്രത്യേകമായി നടക്കും. ആനുകാലിക സംഭവ വികാസങ്ങള്‍ കോര്‍ത്തിണക്കി ചിരിയും ചിന്തയും പകരുന്ന കാവല്‍ പൂച്ച എന്ന തെരുവുനടാകം 50ലധികം കേന്ദ്രങ്ങളില്‍ അവതരിപ്പിക്കും. സാമൂഹിക സാംസ്കാരിക നേതാക്കള്‍ കാമ്പയിന്‍ കാലയളവില്‍ സൌദിയുടെ വിവിധ ഭാഗങ്ങളിലെ യുവജന സംഗമങ്ങളില്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

യൂത്ത് ഇന്ത്യ കേന്ദ്ര പ്രസിസഡന്റ് വി. മുഹമ്മദ് അമീന്‍, കേന്ദ്ര സമിതി അംഗങ്ങളായ നബ്ഹാന്‍ സെയ്ദ്, അന്‍വര്‍ സലിം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം