ഗുരുദേവ കൃതികള്‍ വിദേശ ഭാഷകളിലേക്ക് പരിഭാഷ ചെയ്യുന്നു
Friday, October 31, 2014 7:06 AM IST
ന്യൂഡല്‍ഹി: ശ്രീനാരാണ ഗുരു രചിച്ച ദൈവ ദശകം ഉള്‍പ്പെടെയുള്ള കൃതികള്‍ വിദേശഭാഷകളിലേക്ക് പരിഭാഷ ചെയ്യുമെന്ന് ശിവഗിരിമഠം തീര്‍ഥടന കമ്മിറ്റി സെക്രട്ടറി സച്ചിദാനന്ദ സ്വാമികള്‍ അറിയിച്ചു.

ദൈവദശകം ശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമായി ഡല്‍ഹി കേരള ഹൌസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദൈവദശകം 11 ഭാരതീയ ഭാഷകളില്‍ തര്‍ജ്ജുമ ചെയ്ത ഗ്രന്ഥം കഴിഞ്ഞ തീര്‍ഥാടന സമ്മേളനത്തില്‍ മുന്‍ പ്രധാനമന്ത്രി ദേവഗൌഡ പ്രകാശനം ചെയ്തിരുന്നു. ചൈനീസ് ജപ്പാനീസ്, സ്പാനിഷ്, അറബിക്, റഷ്യന്‍, ലിത്വാനിയ, സിംഹള, നേപ്പാളി തുടങ്ങിയ വിദേശ ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെടുന്ന ഗുരുദേവ കൃതികളും ജീവചരിത്രവും ദൈവദശകം രചനാശതാബ്ദി സമ്മേളനത്തില്‍ ന്യൂഡല്‍ഹിയില്‍ പ്രകാശനം ചെയ്യും.

ഇതിനായി ഓംചേരി എന്‍.എന്‍ പിള്ളയെ ചെര്‍മാനും ഡി. വിജയമോഹനന്‍ കണ്‍വീനറായും ഉള്ള കമ്മിറ്റിയെ ചുമതലപ്പെടുത്തി.

ദൈവ ദശകം രചനാ ശതാബ്ദി ആഘോഷകമ്മിറ്റി ചെയര്‍മാന്‍ കെ. മാധവന്‍നായര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ബിജെപി കേരള സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. സുവര്‍ണകുമാര്‍, ഓംചേരി എന്‍.എന്‍ പിള്ള, ഡി. വിജയമോഹനന്‍, കല്ലറ മനോജ്, ബാബു പണിക്കര്‍, ആര്‍.ആര്‍ നായര്‍, ബിനു നാണു, സി. കേശവന്‍കുട്ടി, ഷീല ആര്‍. ചന്ദ്രന്‍, പന്നിയൂര്‍ രവി, കുട്ടപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

ദൈവദശകത്തെ ആസ്പദമാക്കി ആലാപനം, ഉപന്യാസം, പ്രസംഗം എന്നിവയില്‍ ഡല്‍ഹിയിലെ 10 കേന്ദ്രങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. ഇതു സംബന്ധിച്ച് പ്രോജക്ട് റിപ്പോര്‍ട്ട് ജനറല്‍ കണ്‍വീനര്‍ സി. ചന്ദ്രന്‍ അവതരിപ്പിച്ചു. ഇംഗ്ളീഷ്, ഹിന്ദി, ഫ്രഞ്ച്, കന്നട, തെലുങ്ക് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ദൈവ ദശകത്തിന്റെ സംഗീതാവിഷ്കരണവും നടത്തും. യോഗത്തില്‍ കോഓര്‍ഡിനേറ്റര്‍ എം.വി ശശിധരന്‍ നോയിഡ സ്വാഗതവും ട്രഷറര്‍ കെ.എസ് കുഞ്ഞുമോഹന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്