ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി: സമവായമില്ല; തെരഞ്ഞെടുപ്പ് തന്നെ
Friday, October 31, 2014 4:24 AM IST
റിയാദ്: വീറും വാശിയും എല്ലാ അര്‍ത്ഥത്തിലും പാരമ്യത്തിലെത്തിയ ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. പ്രാദേശിക നേതാക്കളുടേയും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഗ്ളോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയുടേയും കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫിന്റേയും തെരഞ്ഞെടുപ്പിലേക്ക് പോകാതെ ഒരു സമവായമുണ്ടാക്കാനുള്ള അവസാനവട്ട ശ്രമങ്ങളും പരാജയപ്പെട്ടതോടെ ഇന്ന് ഉച്ചക്ക് 3 മണി മുതല്‍ ജനാധിപത്യ രീതിയിലുള്ള വോട്ടെടുപ്പ് നടക്കുമെന്നുറപ്പായി. ബത്ഹയിലെ റമാദ് പാര്‍ട്ടി ഹാളില്‍ വെച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക.

റിയാദില്‍ നിന്നുമുള്ള 50 സ്ഥാനങ്ങളിലേക്ക് 92 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. വിവിധ ജില്ലകളില്‍ നിന്നായി 182 സെന്‍ട്രല്‍ കൌണ്‍സില്‍ അംഗങ്ങളാണ് വോട്ട് ചെയ്യുന്നത്. കുഞ്ഞി കുമ്പളയും എല്‍.കെ അജിതും തമ്മിലുള്ള പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരമാണ് ഏറെ വാശിയേറിയത്. മുന്‍തൂക്കം മുന്‍ പ്രസിഡണ്ട് സി.എം കുഞ്ഞിക്കാണെങ്കിലും ഒരു ബലപരീക്ഷണത്തിനുള്ള തയ്യാറെടുപ്പില്‍ തന്നെയാണ് എല്‍.കെ അജിതും. 50 സ്ഥാനങ്ങളിലേക്കും പ്രത്യേകമായി വോട്ടെടുപ്പാണെങ്കിലും ഇരുവരേയും പിന്തുണക്കുന്നവരുടെ പാനലുകളാണ് മത്സരരംഗത്തുള്ളത്. അതുകൊണ്ട് തന്നെ ജയിക്കുന്ന പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയുടെ പാനലിലുള്ളവരായിരിക്കും പൂര്‍ണ്ണമായും മറ്റ് സ്ഥാനങ്ങളിലേക്കും വിജയിക്കുക എന്നത് ഏറെക്കുറെ ഉറപ്പാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന് ശേഷം ഇരു ഗ്രൂപ്പുകളും ഒന്നിച്ച് ആരോഗ്യകരമായ ഒരു തുടര്‍ച്ച അസാധ്യമായിരിക്കും. സമവായ ശ്രമങ്ങള്‍ക്ക് നേതാക്കളെ പ്രേരിപ്പിച്ച ഘടകവും ഇതു തന്നെയാണ്.

ജിദ്ദയില്‍ മത്സരരംഗത്തുണ്ടായിരുന്ന ഒരു വിഭാഗം പൂര്‍ണ്ണമായും അധികാരസ്ഥാനങ്ങളില്‍ നിന്നും തുടച്ചു നീക്കപ്പെട്ടത് വന്‍ പ്രത്യാഘാതമുണ്ടാക്കിയിരിക്കുന്ന സാഹചര്യത്തില്‍ അവസാന നിമിഷവും ഒരു ഒത്തുതീര്‍പ്പിന് ഇരു ഗ്രൂപ്പുകളുമായി ചര്‍ച്ച നടക്കുന്നതായി മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. എന്നാല്‍ വിട്ടുവീഴ്ച ചെയ്യാത്ത നിലപാടുകളായതിനാല്‍ ചര്‍ച്ചകളില്‍ പുരോഗതിയില്ല. തെരഞ്ഞെടുപ്പിന് ശേഷവും ഇരു ഗ്രൂപ്പുകളേയും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുമെന്നും ഒരു പിളര്‍പ്പോ വിഭാഗീയതയോ ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും മുതിര്‍ന്ന ഒ.ഐ.സി.സി നേതാവ് ഷാജി കുന്നിക്കോട് പറഞ്ഞു.
ഈ വാരാന്ത്യം റിയാദിന്റെ നഗരഹൃദയമായ ബത്ഹയിലെ പ്രധാന ചര്‍ച്ചാ വിഷയം ഒ.ഐ.സി.സി തെരഞ്ഞെടുപ്പ് തന്നെയാണ്. ബത്ഹയിലെ റമാദ് ഹോട്ടലും പരിസരവും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരേയും അനുഭാവികളേയും കൊണ്ട് നിറഞ്ഞിരിക്കയാണ്. ചുമരെഴുത്തുകളില്ലെങ്കിലും നാട്ടിലെ ഒരു പൊതുതെരഞ്ഞെടുപ്പിന്റെ പ്രതീതി റമാദിന്റെ പരിസരങ്ങളില്‍ നിന്നും വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍