മലര്‍വാടി 'പ്രയാണം' എഴുത്തുപരീക്ഷ ഒക്ടോബര്‍ 31ന്
Thursday, October 30, 2014 7:35 AM IST
റിയാദ്: സ്വന്തം നാടിനെ കുറിച്ച് പ്രവാസി കുട്ടികളില്‍ അറിവുണ്ടാക്കാന്‍ മലര്‍വാടി ബാലസംഘം സൌദി ഘടകം നടപ്പാക്കുന്ന 'എന്റെ നാട്, എന്റെ സ്വന്തം നാട്' അവധിക്കാല പഠനപദ്ധതിയുടെ തുടര്‍പ്രവര്‍ത്തനമായ 'പ്രയാണം' എഴുത്തുപരീക്ഷ വെള്ളിയാഴ്ച റിയാദില്‍ നടക്കും.

രാജ്യവ്യാപകമായി ഇക്കഴിഞ്ഞ സ്കൂള്‍ അവധിക്കാലത്ത് ആരംഭിച്ച പദ്ധതിയില്‍ 5000ത്തോളം കുട്ടികള്‍ പങ്കാളികളായെന്നും അതില്‍ റിയാദിലെ ആയിരം പേര്‍ക്ക് വേണ്ടിയാണ് ശിഫയിലെ അല്‍റിമാസ് ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ 31ന് (വെള്ളി) ഉച്ചകഴിഞ്ഞ് 2.30മുതല്‍ പരീക്ഷ നടക്കുന്നതെന്നും ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. മറ്റിടങ്ങിലെ കുട്ടികള്‍ക്കുവേണ്ടിയുള്ള പരീക്ഷകള്‍ പിന്നീട് നടക്കും.

'എന്റെ നാട്, എന്റെ സ്വന്തം നാട്' എന്ന ശീര്‍ഷകത്തിന്‍ കീഴില്‍ കേരളത്തിന്റെ ഭാഷ, പ്രകൃതി, സമൂഹം തുടങ്ങിയ വിഷയങ്ങളിലൂന്നിയ രണ്ട് പ്രോജക്ടുകള്‍ വീതം തയാറാക്കി കുട്ടികള്‍ മലര്‍വാടിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. വിവിധ ഇന്ത്യന്‍ സ്കൂളുകളില്‍നിന്നുള്ള 5000ത്തോളം മലയാളി വിദ്യാര്‍ഥികളാണ് പ്രോജക്ടുകള്‍ തയാറാക്കി നല്‍കി പഠനപദ്ധതിയില്‍ പങ്കാളികളായിരിക്കുന്നത്. ഇവര്‍ക്കുവേണ്ടിയാണ് 'പ്രയാണം ലെവല്‍ രണ്ട്' പരീക്ഷ നടത്തുന്നത്. പരീക്ഷക്കുവേണ്ടിയുള്ള ബഹുവര്‍ണ പഠനസഹായി പുസ്തകം നേരത്തെ തന്നെ വിതരണം ചെയ്തിരുന്നു. ഈ പുസ്തകത്തെ ആസ്പദമാക്കിയാണ് എഴുത്തുപരീക്ഷ. മൂന്നാം ക്ളാസ് മുതല്‍ ഏഴാം ക്ളാസുവരെയുള്ള കുട്ടികളെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് പരീക്ഷ. മൂന്ന്, നാല്, അഞ്ച് ക്ളാസുകളില്‍നിന്നുള്ളവരുടെ വിഭാഗത്തില്‍ 600 കുട്ടികളാണ് റിയാദില്‍ പരീക്ഷക്ക് ഇരിക്കുന്നത്. ഇവര്‍ക്ക് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30മുതല്‍ 4.10 വരെയാണ് പരീക്ഷ. ആറ്, ഏഴ് ക്ളാസുകളില്‍നിന്നുള്ള 400 കുട്ടികള്‍ക്ക് വൈകീട്ട് 4.30 മുതല്‍ 6.10വരെയാണ് പരീക്ഷ.

പരീക്ഷ തുടങ്ങുന്നതിന് 15 മിനുട്ട് മുമ്പ് കുട്ടികള്‍ ഹാളില്‍ റിപ്പോര്‍ട്ട് ചെയ്യണം. രജിസ്ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തിയ ഹാള്‍ ടിക്കറ്റ് കൊണ്ടുവരണം. കുട്ടികള്‍ അവരുടെ സ്കൂള്‍ യൂണിഫോമിലാണ് വരേണ്ടത്. പേന, പെന്‍സില്‍, റൈറ്റിംഗ് പാഡ് എന്നിവ കൊണ്ടുവരണം. പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റും നല്‍കുമെന്ന് സംഘാടകര്‍ പറഞ്ഞു.

സ്വന്തം നാടിന്റെ ചരിത്രവും വര്‍ത്തമാനവും അറിയാത്തവരായി വളരുന്ന പ്രവാസി കുട്ടികളെ കുറിച്ചുള്ള ഉത്കണ്ഠകളില്‍നിന്നാണ് മലര്‍വാടി ഇത്തരമൊരു പരിപാടി ആവിഷ്കരിച്ചതെന്നും പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും മലര്‍വാടി സൌദി കോഓര്‍ഡിനേറ്റര്‍ അഷ്റഫ് കൊടിഞ്ഞി പറഞ്ഞു. മലര്‍വാടി റിയാദ് ഘടകം ഭാരവാഹികളായ സലീം മാഹി, റഷീദലി കൊയിലാണ്ടി, ബഷീര്‍ വരന്തരപ്പള്ളി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0500229349, 0557657891, 0507280494.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍