ഫരീദാബാദ് രൂപത പഞ്ചാബി കുര്‍ബാനക്രമം പ്രകാശനം ചെയ്തു
Thursday, October 30, 2014 7:32 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് രൂപത സീറോ മലബാര്‍ കുര്‍ബാനയുടെ പഞ്ചാബി പരിഭാഷ പ്രകാശനം ചെയ്തു. ഡല്‍ഹി ത്യാഗരാജാ സ്റേഡിയത്തില്‍ നടന്ന സാന്തോം ബൈബിള്‍ കണ്‍വന്‍ഷനില്‍ സിഎസ്ടി സഭയുടെ രാജസ്ഥാന്‍ പ്രൊവിന്‍ഷ്യാള്‍ ഫാ. ജോണ്‍ കപ്യാരുമലയിലിന് ആദ്യ കോപ്പി നല്‍കി രൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര പ്രകാശനം നിര്‍വഹിച്ചു. ജലന്തര്‍ മേജര്‍ സെമിനാരി റെക്ടര്‍ റവ. ഫാ. ജോണ്‍സണ്‍ കുണ്ടുകുളം പുതിയ പരിഭാഷയെ പരിചയപ്പെടുത്തി.

ചടങ്ങില്‍ ഫാ. സെബാസ്റ്യന്‍ അരീപ്പറമ്പില്‍, ഫരീദാബാദ് രൂപത വികാരി ജനറാള്‍ ഫാ. സെബാസ്റ്യന്‍ വടക്കുംപാടന്‍, ജസ്റീസ് സിറിയക് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

പഞ്ചാബില്‍ പുതിയതായി ആരംഭിച്ചിരിക്കുന്ന മിഷന്‍ സ്റേഷനുകളില്‍ പഞ്ചാബി ഭാഷയിലുള്ള പുതിയ കുര്‍ബാന ക്രമമായിരിക്കും ഉപയോഗിക്കുക.

മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര (മുഖ്യരക്ഷാധികാരി), ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ (പ്രസിഡന്റ്), റവ. ഫാ. ജോസഫ് കക്കാട്ട് (കണ്‍വീനര്‍) എന്നിവരടങ്ങിയ വിദഗ്ധ സമിതിയാണ് പഞ്ചാബി പരിഭാഷയ്ക്ക് നേതൃത്വം നല്‍കിയത്. റവ. ഡോ. മാത്യു പാലച്ചുവട്ടില്‍, റവ. ഫാ. ജോര്‍ജ് ഗോപുരത്തിങ്കല്‍, ഡോ. റോബിന്‍ കോലഞ്ചേരി, ഡോ. സണ്ണി സിഎസ്ടി, ഡോ. സെബാസ്റ്യന്‍ അരീപ്പറമ്പില്‍, ഡോ. സിറിയക് കൊച്ചാളുങ്കല്‍ സിഎസ്ടി, റവ. സി. പ്രോസ്പര്‍ സിഎംസി എന്നിവര്‍ കമ്മിറ്റി അംഗങ്ങളായിരുന്നു.

സീറോ മലബാര്‍ സിനഡിന്റേയും ലിറ്റര്‍ജി കമ്മീഷന്റെയും അനുവാദത്തോടെ ആരംഭിച്ച ഈ പുതിയ പരിഭാഷ ഫരീദാബാദ് രൂപതാധ്യക്ഷന്റെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആരാധന ക്രേന്ദ്രങ്ങളില്‍ പ്രാബല്യത്തില്‍ വരും. കുര്‍ബാന ക്രമത്തിന്റെ പ്രേക്ഷിതാഭിമുഖ്യവും നവസുവിശേഷവത്കരണ സ്വഭാവവും പ്രകടമാക്കുന്നതാണ് ഈ പരിഭാഷയുടെ പ്രത്യേകത എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഇംഗ്ളീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകള്‍ക്കു പുറമെയാണ് പഞ്ചാബി പരിഭാഷ. ഫരീദാബാദ്-ഡല്‍ഹി രൂപതയില്‍ മലയാളത്തിനു പുറമെ ഇംഗ്ളീഷിലും ഹിന്ദിയിലും ഇപ്പോള്‍ കുര്‍ബാന ചൊല്ലുന്നു. പഞ്ചാബി പരിഭാഷയതോടെ നാല് ഭാഷകളില്‍ സീറോ മലബാര്‍ റീത്തില്‍ കുര്‍ബാനകള്‍ അനുഷ്ഠിക്കപ്പെടും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്