ഫാ. ടോം തോമസ് എംഎസ്എഫ്എസിനു ഡോക്ടറേറ്റ്
Thursday, October 30, 2014 4:51 AM IST
ഷിക്കാഗോ: ഫാ. ടോം തോമസ് എം.എസ്.എഫ്.എസിനു പ്രശംസനീയമായ വിധത്തില്‍ അമേരിക്കയിലെ ആര്‍ഗസി യൂണിവേഴ്സിറ്റിയില്‍ നിന്നും മന:ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. മയക്കുമരുന്നുകളുടേയും മദ്യാസക്തിയുടേയും അടിമകളായവരുടെ ചികിത്സയും പുനരധിവാസവുമായിരുന്നു അച്ചന്റെ ഗവേഷണ വിഷയം.

മിഷനറീസ് ഓഫ് സെന്റ് ഫ്രാന്‍സീസ് ഡി സെയിന്റ്സ് എന്ന സന്യാസ സമൂഹത്തിലെ അംഗമായ ടോം അച്ചന്‍ താമരശേരി രൂപതയിലെ മരിയഗിരി (വാളുക്ക്) ഇടവകയില്‍ പന്നലക്കുന്നേല്‍ തോമസിന്റേയും, ത്രേസ്യാമ്മയുടേയും മകനാണ്. ആലുവ മംഗലപ്പുഴ സെമിനാരിയില്‍ ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയ അച്ചന്‍ 1998 ജനുവരി പത്തിന് വൈദീകനായി അഭിഷിക്തനായി.

തൃശൂര്‍ രൂപതയിലെ അരിമ്പൂര്‍ സെന്റ് ആന്റണീസ് ഇടവകയില്‍ അസിസ്റന്റ് വികാരിയായും ഏറ്റുമാനൂര്‍ എസ്.എഫ്.എസ് സെമിനാരിയില്‍ വെക്കേഷന്‍ ഡയറക്ടറായും സേവനം അനുഷ്ഠിച്ചു. മോണ്ട് ഫോര്‍ട്ട് കോളജില്‍ (ബാംഗ്ളൂര്‍) നിന്നും കൌണ്‍സിലിംഗില്‍ മാസ്റേഴ്സ് പൂര്‍ത്തിയാക്കിയശേഷം ബാംഗ്ളൂര്‍ സെന്റ് ഫ്രാന്‍സീസ് ഡി സെയിന്റ്സ് കോളജില്‍ വൈസ് പ്രിന്‍സിപ്പലായും, അധ്യാപകനായും സേവനം അനുഷ്ഠിച്ചു.

കഴിഞ്ഞ ഒരു ശതാബ്ദക്കാലത്തോളം ഷിക്കാഗോയിലെ അലക്സിയല്‍ ബ്രദേഴ്സ് ബിഹേവിയറല്‍ ഹെല്‍ത്ത് ഹോസ്പിറ്റലില്‍ ചാപ്ളെയിനായി സേവനം ചെയ്തുകൊണ്ടാണ് അച്ചന്‍ തന്റെ ഡോക്ടറല്‍ പഠനം പൂര്‍ത്തിയാക്കിയത്.

അമേരിക്കന്‍ മലയാളികളുടെ, പ്രത്യേകിച്ച് ഷിക്കാഗോ സീറോ മലബാര്‍ സമൂഹത്തിന്റെ പ്രിയങ്കരനായ ഫാ. ടോം കൌണ്‍സിലിംഗിലൂടെയും പ്രഭാഷണങ്ങളിലൂടെയും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. കൊച്ചിന്‍ കലാഭവനില്‍ നിന്നും സംഗീതത്തില്‍ പരിശീലനം നേടിയ ടോം അച്ചന്‍ കരാട്ടെയില്‍ ബ്ളാക് ബെല്‍റ്റും, യോഗയില്‍ സര്‍ട്ടിഫിക്കേഷനും നേടിയിട്ടുണ്ട്. ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലിലെ കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തിലുള്ള കരാട്ടേ കളരിയുടെ പരിശീലകന്‍ കൂടിയാണ്.

അമേരിക്കന്‍ മലയാളി സമൂഹങ്ങളില്‍ മാത്രമല്ല, ഇംഗ്ളീഷ് സമൂഹങ്ങളിലും മനോഹരങ്ങളും പ്രചോദനാത്മകവുമായ ധ്യാനങ്ങളും ക്ളാസുകളും നല്‍കുന്ന അച്ചന്‍, വിശുദ്ധ സ്ഥലങ്ങളിലേക്കുള്ള തീര്‍ത്ഥായാത്രകളുടെ ആദ്ധ്യാത്മിക പിതാവുമാണ്. ആകര്‍ഷനീയമായ വ്യക്തിത്വത്തിന്റേയും ആത്മാര്‍ത്ഥമായ സുഹൃദ് ബന്ധങ്ങളുടേയും ഉടമയായ ടോം അച്ചന് അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം