ഫ്രന്റ്ഷിപ്പ് ആന്തം: ജര്‍മന്‍ മലയാളി ഡോണ്‍ രാജയുടെ പുതിയ ഗാനം തരംഗമാകുന്നു
Wednesday, October 29, 2014 8:07 AM IST
ബര്‍ലിന്‍: 2009 ല്‍ ബ്രൌണ്‍ കള്‍ച്ചര്‍ എന്ന ബോളിവുഡ് ആല്‍ബത്തിലൂടെ ശ്രദ്ധേയനായ ഡോണ്‍ രാജ എല്‍വിസ് എന്ന ജര്‍മന്‍ മലയാളിയുടെ പുതിയ ഗാനവും തരംഗമാകുന്നു. ഒക്ടോബര്‍ പത്തിന് റിലീസ് ചെയ്ത പാത്ശാല എന്ന തെലുങ്കു ചിത്രത്തിനായി തയാറാക്കിയതാണ് ഗാനം.

എല്‍വിസ് കട്ടിക്കാരന്‍ എന്ന ഡോണ്‍ രാജ തന്റെ മ്യൂസിക് ബാന്‍ഡുമായി നടത്തിയ ഇന്ത്യ പര്യടനത്തിന്റെ വന്‍ വിജയത്തിനു പിന്നാലെയാണ് പുതിയ സിനിമാ ഗാനത്തിന്റെ വിജയം. യുവ ഗായകന്‍ സൂരജ് സന്തോഷുമൊത്ത് എല്‍വിസാണ് ഫ്രന്റ്ഷിപ്പ് ആന്തം എന്ന ഗാനം ആലപിച്ചിരിക്കുന്നത്.

ഗാനത്തിന്റെ സൌണ്ട് ട്രാക്ക് സംസ്ഥാന അവാര്‍ഡ് ജേതാവായ രാഹുല്‍ രാജിന്റെ വകയാണ്. ചിത്രത്തിന്റെ സംഗീത സംവിധാനവും രാഹുല്‍ തന്നെ.

കൊച്ചിയിലെ കട്ടിക്കാരന്‍ കുടുംബത്തില്‍ നിന്നുള്ള എല്‍വിസ് 2004 മുതല്‍ ഗായകന്‍, പ്രൊഡ്യൂസര്‍, കമ്പോസര്‍ എന്നീ നിലകളില്‍ യൂറോപ്പില്‍ പ്രശസ്തനാണ്.

അടുത്ത വര്‍ഷം സ്പെയ്നിലും ഇറ്റലിയിലും നടത്താനിരിക്കുന്ന പര്യടനത്തിന്റെ ഭാഗമായി പുതിയ ആല്‍ബം തയാറാക്കുന്നതിന്റെ തിരക്കിലാണ് എല്‍വിസ് ഇപ്പോള്‍. ജര്‍മനിയില്‍ ജനിച്ചു വളര്‍ന്ന എല്‍വിസ് കൊളോണിലാണ് താമസം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍