2018 ലെ ലോകകപ്പ് ഫുട്ബോളിന്റെ ലോഗോ പ്രകാശനം ചെയ്തു
Wednesday, October 29, 2014 8:06 AM IST
ബര്‍ലിന്‍: 2018 ല്‍ റഷ്യ ആതിഥേയത്വം വഹിക്കുന്ന ഫിഫാ ലോകകപ്പ് ഫുട്ബോളിന്റെ ലോഗോ പ്രകാശനം ചെയ്തു. റഷ്യന്‍ ടിവി ചാനലായ ചാനല്‍ വണ്ണിലെ ഈവനിംഗ് അര്‍ജന്റ് എന്ന ടോക്ഷോയിലാണ് പ്രകാശനം നടന്നത്.

ചുവപ്പ് പശ്ചാത്തലത്തില്‍ റഷ്യന്‍ പതാകയുടെ മാതൃകയില്‍ പൊതിഞ്ഞ സുവര്‍ണ ലോകകപ്പാണ് ലോഗോ. ഫിഫാ പ്രസിഡന്റ് സെപ് ബ്ളാറ്റര്‍ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. റഷ്യയുടെ ഹൃദയത്തിന്റെയും ആത്മാവിനെയും പ്രതിനിധീകരിക്കുന്നതാണ് ലോഗോ എന്ന് ബ്ളാറ്റര്‍ ലോഗോയെ വിശേഷിപ്പിച്ചു. യുക്രെയ്നില്‍ തുടരുന്ന അസമാധാനം ലോകകപ്പിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും വേദി റഷ്യയില്‍ നിന്ന് മാറ്റുന്ന പ്രശ്നമില്ലെന്നും ബ്ളാറ്റര്‍ അസന്നിഗ്ധമായി വ്യക്തമാക്കി. ഇക്കാര്യത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും ബ്ളാറ്റര്‍ കൂട്ടിച്ചേര്‍ത്തു. ഫുട്ബോളിന്റെ മാന്ത്രികതയില്‍ സംഘട്ടനങ്ങള്‍ക്ക് അറുതിവരുമെന്നും സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ ഉയര്‍ന്നു പറക്കുമെന്നും ബ്ളാറ്റര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ടോക് ഷോയില്‍ പ്രകാശനം ചെയ്ത ലോഗോ പിന്നീട് മോസ്ക്കോയിലെ ബോള്‍ഷോയ് തിയേറ്ററില്‍ ആരാധകര്‍ക്കായി വീണ്ടും പ്രദര്‍ശിപ്പിച്ചു.ടോക് ഷോയില്‍ ഫുട്ബോളിനെ അധികരിച്ചുള്ള ചര്‍ച്ചയും നടന്നു.

ബ്ളാറ്റര്‍ക്ക് പുറമെ ടോക് ഷോയുടെ അവതാരകന്‍ ഇവാന്‍ അര്‍ഗന്റ്, സംഘാടക സമിതി അധ്യക്ഷന്‍ വിതാലി മുത്കോ, 2006 ലോകകപ്പിലെ ജേതാക്കളായ ഇറ്റലിയുടെ നായകന്‍ ഫാബിയോ കന്നവാരോ എന്നിവരും പ്രകാശനച്ചടങ്ങില്‍ സംബന്ധിച്ചു. ലോകകപ്പ് നേടിയ എട്ട് രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഫ്രൂട്ട്സ് സംഗീത ബാന്‍ഡിലെ അംഗങ്ങള്‍ അതാത് രാജ്യങ്ങളുടെ ജെഴ്സിയണിഞ്ഞ് സ്റുഡിയോയില്‍ എത്തിയതും ഒരു പ്രത്യേകതയായിരുന്നു.

2018 ജൂണില്‍ ആരംഭിക്കുന്ന ലോകകപ്പിലെ മല്‍സരങ്ങള്‍ റഷ്യയിലെ 11 നഗരങ്ങളിലാണ് അരങ്ങേറുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍