ജിദ്ദ നവോദയയുടെ ഏരിയ സമ്മേളനങള്‍ ഒക്ടോബര്‍ 31 ന്
Wednesday, October 29, 2014 6:38 AM IST
ജിദ്ദ: ജിദ്ദ നവോദയയുടെ ഏരിയ സമ്മേളനങള്‍ ഒക്ടോബര്‍ 31ന് (വെള്ളി) തുടങ്ങും. സൌദി അറേബ്യയിലെ പടിഞ്ഞാറന്‍ മേഖലയിലെ ജീവകാരുണ്യ, കലാ,കായിക,സാംസ്ക്കാരിക മേഖലകളില്‍ പ്രവാസികള്‍ക്ക് ഇടയില്‍ നിറ സാന്നിധ്യമായ ജിദ്ദ നവോദയയുടെ ഇരുപത്തിയാറാമത് കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായുള്ള സംഘടനാ സമ്മേളനങ്ങളുടെ ഭാഗമായുള്ള ഏരിയ സമ്മേളനങ്ങള്‍ക്കാണ് വെള്ളിയാഴ്ച ബവാദി ഏരിയ സമ്മേളനത്തോടെ തുടക്കം കുറിക്കുന്നത്.

ഡിസംബര്‍ ആദ്യ വാരം ഏരിയ സമ്മേളനങ്ങള്‍ പൂര്‍ത്തിയാകും. നവംബര്‍,ഡിസംബര്‍ ആദ്യ വാരത്തില്‍ യാമ്പു, ഷറഫിയ, സനയ്യ, സഫ, തായിഫ്, കാര്‍ ഹറാജ്, കിലോ അഞ്ച്, മക്ക ,അനികേഷ് എന്നിവിടങ്ങളില്‍ ഏരിയ സമ്മേളനങള്‍ നടക്കും. ഡിസംബര്‍ അവസാന വാരമാണ് കേന്ദ്ര സമ്മേളനം. സെപ്റ്റംബര്‍ ആദ്യ വാരം ആരംഭിച്ച യൂണിറ്റ് സമ്മേളനങള്‍ പൂര്‍ത്തീകരിച്ചാണ് രണ്ടാം ഘട്ടമായ ഏരിയ സമ്മേളനങ്ങളിലേക്ക് കടക്കുന്നത്. ജിദ്ദ നവോദയയുടെ കീഴില്‍ 64 യൂണിറ്റുകളും 10 ഏരിയ കമ്മിറ്റികളുമാണ് പ്രവര്‍ത്തിക്കുന്നത്. നവോദയയുടെ സംഘടനാ സമ്മേളനങ്ങള്‍ വിജയിപ്പിക്കുവാന്‍ നവോദയ പ്രവര്‍ത്തകരോട് ജിദ്ദ നവോദയ കേന്ദ്ര നിര്‍വാഹക സമിതി അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍