മന്ത്രി എ.പി. അനില്‍കുമാറിന് ഐഒസി ഓസ്ട്രിയ സ്വീകരണമൊരുക്കും
Wednesday, October 29, 2014 6:35 AM IST
വിയന്ന: കേരള ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ നവംബര്‍ ആറിന് ഓസ്ട്രിയ സന്ദര്‍ശിക്കും. വിയന്നയില്‍ എത്തുന്ന മന്ത്രിക്ക് എയര്‍പോര്‍ട്ടില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ദേശിയ പ്രസിഡന്റ് സിറോഷ് ജോര്‍ജ്, കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിനു കളരിതറ, സെക്രട്ടറി ബിജു മാളിയേക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കും.

ഓസ്ട്രിയയിലെ മലയാളി സംഘടനയായ ഫൈന്‍ ആര്‍ട്സ് ഇന്ത്യ വിയന്ന അവതരിപ്പിക്കുന്ന 'വിഷന്‍ 2014' മെഗാ യുറോപ്പ് നവംബര്‍ ഏഴിന് വൈകിട്ട് 6.45ന് മന്ത്രി ഉദ്ഘാടനം ചെയ്യും.

എട്ടിന് രാത്രി എട്ടിന് ഇന്ത്യാഗേറ്റ് റസ്ററന്റില്‍ നടക്കുന്ന ഇന്ദിര ഗാന്ധി അനുസ്മരണം മന്ത്രി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്ത് പ്രഭാഷണം നടത്തും. ചടങ്ങുകള്‍ക്ക് ഓസ്ട്രിയയിലെ ഐഒസി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും. ഐഒസി ഓസ്ട്രിയയുടെ കോഓര്‍ഡിനേറ്റര്‍ വര്‍ഗീസ് പഞ്ഞിക്കാരന്‍ 'ഇന്ദിരഗാന്ധി ഇന്ത്യയുടെ ആത്മാവ്' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കും.

ഓസ്ട്രിയയിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും സീകരണ ചടങ്ങുകളിലേയ്ക്കും അനുസ്മരണ യോഗത്തിലേയ്ക്കും സംഘാടകര്‍ ക്ഷണിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി