അബുദാബിയില്‍ വൈവിധ്യമാര്‍ന്ന പ്രകടനങ്ങളുമായി വ്യാഴാഴ്ച കേരളോത്സവത്തിന് തുടക്കം
Wednesday, October 29, 2014 6:33 AM IST
അബുദാബി: മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കേരളോത്സവത്തിനു ഒക്ടോബര്‍ 30ന് (വ്യാഴം) അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ കൊടിഉയരും. ഗൃഹാതുരമായ പ്രവാസി മനസില്‍ നാടിനേയും നാട്ടാചാരങ്ങളേയും നാടന്‍ കലകളേയും സമന്വയിപ്പിച്ചുകൊണ്ട് നടത്തുന്ന കേരളോത്സവം വന്‍ വിജയമാക്കാനുള്ള തയാറെടുപ്പിലാണ് സെന്റര്‍ ഭാരവാഹികളും പ്രവര്‍ത്തകരും.

ഗ്രാമീണോത്സവത്തിന്റെ പ്രതീതി സൃഷ്ടിക്കുന്ന കേരളോത്സവത്തിന്റെ തയാറെടു പ്പിന്റെ ഭാഗമായി സെന്ററിന്റെ പ്രധാന വേദിയും മിനി ഹാളും പുതുക്കി പ്പണിയുകയും സെന്റര്‍ അങ്കണം കൊടി തോരണങ്ങള്‍കൊണ്ട് അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.

സെന്റര്‍ വനിതാവിഭാഗം ഒരുക്കുന്ന നാടന്‍ ഭക്ഷണ സ്റാളുകള്‍, അബുദാബി ശക്തി തിയറ്റേഴ്സ്, യുവകലാസാഹിതി, കല അബുദാബി, ഫ്രന്റ്സ് എഡിഎംഎസ് എന്നീ സംഘടനകള്‍ ഒരുക്കുന്ന വിവിധങ്ങളായ സ്റാളുകള്‍, തട്ടുകടകള്‍, വിനോദ സ്റാളുകള്‍, പ്രദര്‍ശനസ്റാളുകള്‍, സൌജന്യ മെഡിക്കല്‍ ക്യാമ്പ്, ശാസ്ത്ര പ്രദര്‍ശനം എന്നിവയോടൊപ്പം വേദിയില്‍ ഈജിപ്ഷ്യന്‍ നൃത്തം, ശ്രീലങ്കന്‍ നൃത്തം ഉള്‍പ്പെടെ വിവിധങ്ങളായ കലാപരിപാടികള്‍ സമാ ന്തരമായി അരങ്ങേറും.

എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന കേരളോത്സവം രാത്രി 11 വരെ നീണ്ടുനില്‍ക്കും. സമാപനദിവസമായ നവംബര്‍ ഒന്നിന് പ്രവേശനപാസുകള്‍ നറുക്കിട്ടെടുത്ത് ഒന്നാം സമ്മാനമായി പീജിയോട്ട് കാറും വിലപിടിപ്പുള്ള 50 മറ്റു സമ്മാനങ്ങളും നല്‍കും.

ഭരത് മുരളി നാടകോത്സവം, ഇന്തോ- അറബ് സാംസ്കാരികോത്സവം, ഹ്രസ്വ ചലച്ചിത്രോത്സവം, യുവജനോത്സവം, ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റ്, എകെജി സ്മാരക ഫോര്‍ എ സൈഡ് ഫുട്ബോള്‍ ടൂര്‍ണമെന്റ്, ഇന്‍ഡോര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്നീ വൈവിധ്യമാര്‍ന്ന പരിപാടികളുടെ മുന്നോടിയായി നടക്കുന്ന കേരളോത്സവത്തില്‍ മൂന്ന് ദിവസങ്ങളിലായി പതിനായിരത്തിലധികം പേരെ പ്രതീക്ഷിക്കുന്നതായി സെന്റര്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള