യുക്മാ ചിത്രോത്സവവും ചിത്രകാരന്‍ ജിജി വിക്ടറിന്റെ ചിത്ര പ്രദര്‍ശനവും രാജാ രവിവര്‍മ്മ ഹാളില്‍
Wednesday, October 29, 2014 6:31 AM IST
ലണ്ടന്‍: യുക്മാ സാംസ്കാരിക വേദിയുടെ ആഭിമുഘ്യത്തില്‍ സംഘടിപ്പിക്കുന്ന ഓള്‍ യുകെ ചിത്ര രചനാ മത്സരത്തിന്റെ ഫൈനല്‍ മത്സരം യുക്മാ നാഷണല്‍ കലോത്സവം നടക്കുന്ന ലെസ്ററിലെ 'രാജാ രവിവര്‍മ്മ' ഹാളില്‍ നവംബര്‍ എട്ടിന് 9.30 ന് ആരംഭിക്കും.

ചിത്ര രചനാ മത്സരത്തിന്റെ രണ്ടാം ഘട്ടമായ റീജിയണല്‍ മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവരായിരിക്കും ഫൈനല്‍ മത്സരത്തില്‍ മാറ്റുരയ്ക്കുക. മത്സരത്തില്‍ പങ്കെടുക്കേണ്ടവര്‍ അന്നേ ദിവസം 9.30ന് മുമ്പായി മത്സര ഹാളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ വരയ്ക്കുവാനും പെയിന്റ് ചെയ്യുന്നതിനും ആവശ്യമായ വസ്തുക്കള്‍ കൊണ്ടുവരേണ്ടതാണ്. ചിത്രം വരക്കുവാനുള്ള പേപ്പര്‍ തത്സമയം വിതരണം ചെയ്യും. മത്സരത്തിനുള്ള തീം മത്സര സമയത്ത് മാത്രമേ അറിയിക്കുകയുള്ളൂ. നല്‍കപ്പെടുന്ന തീമിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം രചന നടത്തേണ്ടത്. മത്സരം രണ്ട് മണിക്കൂറായിരിക്കും. വിജയികള്‍ക്ക് അന്നേ ദിവസം തന്നെ സമ്മാനങ്ങളും വിതരണം ചെയ്യും. പ്രശസ്ത ചിത്രകാരന്മാരായ ജോസ് ആന്റണി, മോനിച്ചന്‍ എന്നിവരടങ്ങുന്ന ഒരു വിദഗ്ധ കമ്മിറ്റിയായിരിക്കും ഫല നിര്‍ണയം നടത്തുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് മോനിച്ചന്‍ 07506139987, ജോസ് ആന്റണി 07534691747 എന്നിവരെയോ യുക്മാ പ്രസിഡന്റ്, സെക്രട്ടറി എന്നിവരേയോ ബന്ധപ്പെടുക.

ജിജി വിക്ടറിന്റെ ചിത്ര പ്രദര്‍ശനം

സ്വിണ്ടന്‍ എന്‍എച്ച്എസില്‍ സൈക്കോളജി പ്രാക്ടീഷണറായി ജോലിചെയ്യുന്ന കൊച്ചി പാലാരിവട്ടം സ്വദേശിയായ ജിജി വിക്ടര്‍ എന്ന ചിത്രകാരന്റെ ചിത്രപ്രദര്‍ശനം ലെസ്ററിലെ കലാ മേളയോടനുബന്ധിച്ച് നടത്തപ്പെടും. ഡ്രായിംഗ്, പെയിന്റിംഗ്, ക്ളേ മോഡലിംഗ്, പോസ്റര്‍ ഡിസൈനിംഗ് എന്നിവയില്‍ യൂണിവേഴ്സിറ്റി വിന്നറായ ജിജി എറണാകുളം സെന്റ് ആല്‍ബര്‍ട്ട് കോളജിലെ കലാപ്രതിഭയായിരുന്നു. ഭാര്യ ബിന്‍സി സ്വിണ്ടന്‍ എന്‍എച്ച്എസില്‍ തീയറ്റര്‍ പ്രാക്ടീഷണറായി ജോലി ചെയ്യുന്നു. വരയുടെ മേഖലയില്‍ തന്റേതായ ഇടം കണ്െടത്തിയ ഈ പ്രതിഭയുടെ ചിത്രങ്ങള്‍ ചിത്രരചനാ മത്സരത്തിനെത്തുന്ന കുട്ടികള്‍ക്ക് മാത്രമല്ലാ ഏതൊരു കലാ സ്നേഹിക്കും കൌതുകം പകരുന്നതായിരിക്കും.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍