മാഞ്ചസ്ററിലെ സംയുക്ത തിരുനാള്‍ ആഘോഷം ഭക്തി സാന്ദ്രമായി
Wednesday, October 29, 2014 6:30 AM IST
മാഞ്ചസ്റര്‍: സെന്റ് തോമസ് ആര്‍സി സെന്ററില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ആഘോഷം ഭക്തി സാന്ദ്രമായി.

ഞായറാഴ്ച വൈകിട്ട് നടന്ന തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ നൂറു കണക്കിന് വിശ്വാസികള്‍ എത്തിച്ചേര്‍ന്നിരുന്നു. ദിവ്യകാരുണ്യ ഈശോയെ എഴുന്നളളിച്ച് ലദീഞ്ഞും ജപമാലയെയും തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് തുടക്കമായി. ഫാ. ജെസ്റിന്‍ കരക്കാട്, ഫാ. സജി മലയില്‍ പുത്തന്‍പുര തുടങ്ങിയവര്‍ തിരുനാള്‍ കുര്‍ബാനക്ക് കാര്‍മികത്വം വഹിച്ചു. പരിശുദ്ധ അമ്മയുടെ ജീവിത വിശുദ്ധി നമ്മുടെ കുടുംബങ്ങളില്‍ തെളിക്കാനും പരസ്പരം വിധേയരായിക്കുവാനും ദിവ്യബലി മധ്യേ നല്‍കിയ സന്ദേശത്തില്‍ ഫാ. ജെസ്റിന്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു.

ദിവ്യബലിയെ തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും നടന്നു. കുട്ടികള്‍ ആലപിച്ച അല്‍ഫോന്‍സാമ്മയെ പറ്റിയുളള ഗാനം ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. അടിമ വച്ചും നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിച്ചും വിശ്വാസികള്‍ വിശുദ്ധരുടെ മധ്യസ്ഥം തേടി തിരുനാളില്‍ ഭക്ത്യാദരപൂര്‍വം പങ്കുകൊണ്ടു.

തിരുനാള്‍ തിരുക്കര്‍മ്മങ്ങളെ തുടര്‍ന്ന് ഊട്ട് നേര്‍ച്ചയോടെ പരിപാടികള്‍ സമാപിച്ചു. തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തിയവര്‍ക്കും തിരുനാള്‍ വിജയത്തിനായി സഹകരിച്ചവര്‍ക്കും ഇടവക വികാരി ഫാ. സജി മലയില്‍ പുത്തന്‍പുര നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍