സ്കൂള്‍ ബോര്‍ഡ് ട്രസ്റിമാരായി തോമസ് മാത്യുവും ഷോണ്‍ സേവ്യറും തെരഞ്ഞെടുക്കപ്പെട്ടു
Tuesday, October 28, 2014 8:11 AM IST
മിസിസാഗ: മിസിസാഗ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഡാഫരിന്‍ പീല്‍ കാത്തലിക് സ്കൂള്‍ ബോര്‍ഡ് ട്രസ്റിമാരായി തോമസ് മാത്യുവും ഷോണ്‍ സേവ്യറും തെരഞ്ഞെടുക്കപ്പെട്ടു.

45 ശതമാനത്തിലേറെ വോട്ടുകള്‍ നേടി തുടര്‍ച്ചയായ മൂന്നാം തവണയാണ് തോമസ് വിജയിക്കുന്നത്. ഇപ്പോള്‍ ടൊറന്റോ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായ ഷോണ്‍ സേവ്യര്‍ ഒന്റാരിയോവിലെ ഏറ്റവും പ്രായംകുറഞ്ഞ സ്കൂള്‍ ബോര്‍ഡ് ട്രസ്റി എന്ന ബഹുമതിക്കാണ് അര്‍ഹനായത്.

നാല് തവണ സ്കൂള്‍ ബോര്‍ഡ് ട്രസ്റിയായി തെരഞ്ഞെടുക്കപ്പെട്ട തോമസ് തോമസ് അടുത്തയിടെയാണ് ഒന്റാരിയോ കാത്തലിക് സ്കൂള്‍ ട്രസ്റീസ് അസോസിയേഷന്റെ റീജിയണല്‍ ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ടത്.

പനോരമ ഇന്ത്യ ഡയറക്ടര്‍, മുന്‍ ഫൊക്കാന പ്രസിഡന്റ്, കനേഡിയന്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ മുന്‍ സെക്രട്ടറി തുടങ്ങിയ ഒട്ടേറെ നിലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള തോമസ് കനേഡിയന്‍ രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമാണ്.

കനേഡിയന്‍ കാത്തലിക് യൂത്ത് മൂവ്മെന്റ് ചെയര്‍മാന്‍, യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോ സൌത്ത് ഏഷ്യന്‍ അലയന്‍സ് പ്രസിഡന്റ്, സ്റുഡന്റ്സ് വോയിസ് കൌണ്‍സില്‍ മെംബര്‍, സ്റുഡന്റ്സ് ട്രസ്റി, സ്റുഡന്റ്സ് കൌണ്‍സില്‍ പ്രസിഡന്റ് തുടങ്ങിയ ഒട്ടേറെ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഷോണ്‍ കലാരംഗത്തും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.

കനേഡിയന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബോബി സേവ്യറിന്റെയും സോഫിയുടെയും പുത്രനായ ഷോണിന്റെ രാഷ്ട്രീയ ഗുരു അമ്മാവന്‍ കൂടിയായ തോമസ് മാത്യു ആണ്. ഭാവിയിലെ കനേഡിയന്‍ പ്രധാനമന്ത്രിയായാണ് ഷോണിന് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

റിപ്പോര്‍ട്ട്: ജയ്ണ്‍ മാത്യു