ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ടൂറിസത്തിന്റെ റോഡ്ഷോ
Monday, October 27, 2014 9:49 AM IST
തിരുവനന്തപുരം: യാത്രയും സാഹസികതയും ഇഷ്ടപ്പെടുന്നവരെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു ക്ഷണിച്ചു കേരള ടൂറിസം ഓസ്ട്രേലിയയില്‍ നടത്തിയ രണ്ട് റോഡ്ഷോകള്‍ വിജയകരമായി. തുടര്‍ന്നു ന്യൂസിലന്‍ഡിലേക്കു പ്രവേശിച്ചു. ഇതാദ്യമായാണു കേരള ടൂറിസം ന്യൂസിലന്‍ഡില്‍ റോഡ്ഷോ നടത്തുന്നത്.

കേരളത്തിന്റെ വിനോദ സഞ്ചാര വിപണികളില്‍ വന്‍വളര്‍ച്ച കൈവരിക്കുന്ന രണ്ടു രാജ്യങ്ങളാണിവ. കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ ഓസ്ട്രേലിയയില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ 60 ശതമാനവും ന്യൂസിലന്‍ഡില്‍ നിന്നുള്ളതില്‍ 68 ശതമാനവും വര്‍ധനവാണു രേഖപ്പെടുത്തിയിരിക്കുന്നത്.

സിഡ്നിയില്‍ നടത്തിയ റോഡ്ഷോയില്‍ 102 ഓസ്ട്രേലിയന്‍ ടൂര്‍ ഓപ്പറേറ്റര്‍മാരും മെല്‍ബണില്‍ 60 ബയര്‍മാരും പങ്കെടുത്തു. ന്യൂസിലന്‍ഡില്‍ നടത്തിയ ആദ്യത്തെ റോഡ്ഷോ ഓക്ലന്‍ഡിലായിരുന്നു. 46 ബയര്‍മാരാണ് ഇതില്‍ പങ്കെടുത്തത്. ലോകത്തെ പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ കണ്െടത്തി സഞ്ചാരാനുഭവം നേടുന്നതില്‍ തല്‍പരരായവരാണ് ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമുള്ളവരെന്നതിനാല്‍ ഈ രണ്ടു രാജ്യങ്ങളും കേരളത്തിനു വിശാലമായ വിപണിയാണ് തുറക്കുന്നതെന്ന് ടൂറിസം സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു. വിപണി പങ്കാളികളെക്കൂടി ഉള്‍പ്പെടുത്തിയുള്ള പ്രതിനിധിസംഘത്തിന് നേതൃത്വം നല്‍കിയത് സുമന്‍ ബില്ലയായിരുന്നു. ഇന്ത്യയുടെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ. വിനോദ് ബഹാദെ സിഡ്നിയിലെ റോഡ്ഷോയില്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യയിലെ ടൂറിസം അസിസ്റന്റ് ഡയറക്ടര്‍ വൈഭവ ത്രിപാഠിയും പരിപാടിയില്‍ പങ്കെടുത്തു. മെല്‍ബണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ വൈസ് കൌണ്‍സല്‍ അഞ്ജന്‍ കെ ഭൌമിക് മെല്‍ബണ്‍ റോഡ്ഷോയില്‍ മുഖ്യാതിഥിയായിരുന്നു. ന്യൂസിലന്‍ഡില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യയിലെ തെരഞ്ഞെടുത്ത വിമാനത്താവളങ്ങളില്‍ വീസ ഓണ്‍ അറൈവല്‍ സംവിധാനം നിലവിലുണ്ട്. ഇത് അവിടെ നിന്നുള്ള സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ പര്യാപ്തമാണ്.

അബാദ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ്, ദി ബ്ളൂ യോണ്ടര്‍, സിജിഎച്ച് എര്‍ത്ത്, ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, കൈരളി ദി ആയുര്‍വേദിക് ഹീലിംഗ് വില്ലേജ്, കുമരകം ലേക്ക് റിസോര്‍ട്ട്, ലോട്ടസ് ഡിഎംസി, മാര്‍വെല്‍ ടൂര്‍സ്, സ്പൈസ് ലാന്‍ഡ് ഹോളിഡേയ്സ്, ഉദയസമുദ്ര ലീഷര്‍ ബീച്ച് ഹോട്ടല്‍ എന്നിവരാണ് സംസ്ഥാനത്തു നിന്നുള്ള പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നത്. ഓരോ റോഡ്ഷോകളിലും ഏര്‍പ്പെടുത്തിയിരുന്ന സമ്മാനപദ്ധതിയും ആകര്‍ഷകഘടകമായി. സിഡ്നി, മെല്‍ബണ്‍, ഓക്ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ വിജയികള്‍ക്ക് കേരളത്തിലേക്ക് ഏഴു രാത്രികളുടെ യാത്രയാണ് വാഗ്ദാനം.