ചെറുപുഷ്പ മിഷന്‍ലീഗ് ഭാരതസഭയുടെ അഭിമാനം: മാര്‍ ജോര്‍ജ് ഞരളക്കാട്ട്
Monday, October 27, 2014 9:04 AM IST
മൈസൂര്‍: ചെറുപുഷ്പ മിഷന്‍ലീഗ് ഭാരതസഭയുടെ അഭിമാനമാണെന്നു മാണ്ഡ്യ രൂപതയുടെ അഡ്മിനിസ്ട്രേറ്ററും തലശേരി അതിരൂപതയുടെ നിയുക്ത ആര്‍ച്ച്ബിഷപ്പുമായ മാര്‍ ജോര്‍ജ് ഞരളക്കാട്ട്. ചെറുപുഷ്പ മിഷന്‍ലീഗ് ദേശീയ വാര്‍ഷിക സമ്മേളനം മൈസൂരില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മിഷന്‍ലീഗിലൂടെ നിരവധി മെത്രാന്മാരെയും വൈദികരെയും സിസ്റേഴ്സിനെയും സഭയ്ക്കു ലഭിച്ചിട്ടുണ്ട്. മിഷന്‍ലീഗിലൂടെ വളര്‍ന്നുവന്ന വ്യക്തിയാണു താനെന്നും അദ്ദേഹം അനുസ്മരിച്ചു. നവസുവിശേഷവത്കരണം മിഷന്‍ലീഗ് പ്രവര്‍ത്തകരുടെ കടമയാണെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ ബിഷപ് മാര്‍ ജോസഫ് അരുമച്ചാടത്ത് പറഞ്ഞു. ദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാന്‍ അധ്യക്ഷത വഹിച്ചു. ബാംഗളൂര്‍ എപ്പിസ്കോപ്പല്‍ വികാര്‍ റവ. ഡോ. മാത്യു കോയിക്കര മുഖ്യപ്രഭാഷണം നടത്തി. അന്തര്‍ദേശീയ വൈസ് ഡയറക്ടര്‍ റവ. ഡോ. ജയിംസ് പുന്നപ്ളാക്കല്‍ സന്ദേശം നല്‍കി.

ദേശീയ വൈസ് ഡയറക്ടര്‍ ഫാ.ആന്റണി തെക്കേമുറി ആമുഖപ്രസംഗവും കര്‍ണാടക സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് ആലുക്ക സ്വാഗതവും പറഞ്ഞു. ജനറല്‍ സെക്രട്ടറി ബിനോയി പള്ളിപ്പറമ്പില്‍, അന്തര്‍ദേശീയ കോ-ഓര്‍ഡിനേറ്റര്‍ തോമസ് ഏറനാട്ട്, കേരള സംസ്ഥാന ഡയറക്ടര്‍ ഫാ. ജോബി പൂച്ചക്കണ്ടത്തില്‍, തമിഴ്നാട് സംസ്ഥാന വൈസ് ഡയറക്ടര്‍ ഫാ. ജാജു ഇളങ്കുന്നപ്പുഴ, കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ടൈസ്റസ് തോമസ്, കേരള സംസ്ഥാന പ്രസിഡന്റ് ബെന്നി മുത്തനാട്ട്, ആല്‍ഫ്രഡ്, റ്റിന്റു ടോം, റോഷന്‍, കെ.കെ. സൂസന്‍, ഏലിക്കുട്ടി ഇടാട്ട്, ദീപ ആന്റണി, സുജി പുല്ലുകാട്ട് എന്നിവര്‍ പ്രസംഗിച്ചു.

ദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാന്‍ പതാകയുയര്‍ത്തി. തുടര്‍ന്നു ഭരണങ്ങാനത്തുനിന്നു കൊണ്ടുവന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു. തുടര്‍ന്നു മിഷന്‍ലീഗ് സ്ഥാപകരായ മാലിപ്പറമ്പില്‍ അച്ചന്റെയും കുഞ്ഞേട്ടന്റെയും ഛായാചിത്രങ്ങള്‍ വര്‍ഗീസ് കിഴതടിയില്‍, ചാക്കോച്ചന്‍ എന്നിവര്‍ ഏറ്റുവാങ്ങി സമ്മേളനവേദിയില്‍ സ്ഥാപിച്ചു.