'ഇസ്ലാഹി പ്രവര്‍ത്തകര്‍ സാമൂഹിക പ്രതിബദ്ധതയുള്ളവരാകണം'
Monday, October 27, 2014 8:56 AM IST
റിയാദ്: സമൂഹത്തില്‍ നിലനില്‍ക്കുന്ന തിന്മകളേയും അന്ധവിശ്വാസങ്ങളേയും തിരിച്ചറിഞ്ഞ് അവര്‍ക്കെതിരെ ബോധവത്കരണം നടത്തി സമൂഹത്തെ ഉന്നതങ്ങളിലേക്ക് നയിക്കാന്‍ ഇസ്ലാഹി പ്രവര്‍ത്തകര്‍ക്ക് ബാധ്യതയുണ്െടന്ന് പ്രമുഖ പണ്ഡിതന്‍ ഷേയ്ഖ് അബ്ദുറഹ്മാന്‍ അബ്ദുള്ള അല്‍ ഈദാന്‍ പറഞ്ഞു.

റിയാദ് ഇസ്ലാഹി സെന്‍റേര്‍സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി (ആര്‍ഐസിസി) സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമവും വാര്‍ഷിക കൌണ്‍സിലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അജ്ഞതയും അന്ധവിശ്വാസവും ഗ്രസിച്ചിരുന്ന ജാഹിലിയ്യ കാലഘട്ടത്തിന്റെ ഇരുട്ടില്‍ നിന്നും ലോകം കണ്ടതില്‍വച്ച് ഏറ്റവും ഉന്നതമായ സംസ്കാരത്തിന്റേയും ദൈവിക ബോധത്തിന്റേയും വെളിച്ചത്തിലേക്ക് സമൂഹത്തെ കൈപിടിച്ചുയര്‍ത്താന്‍ മുഹമ്മദ് നബിക്ക് സാധിച്ചത് സമൂഹത്തോട് അദ്ദേഹത്തിനുണ്ടായിരുന്ന ആത്മാര്‍ഥതയും പരിഷ്കരണരംഗത്ത് അദ്ദേഹം കാണിച്ച ക്ഷമാപൂര്‍വമായ നടപടികളും സര്‍വോപരി ദൈവിക സഹായവും കൊണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സുഫ്യാന്‍ അബ്ദുസലാം അധ്യക്ഷത വഹിച്ചു. ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. ഇമ്പിച്ചിക്കോയ ദമാം മുഖ്യാതിഥി ആയിരുന്നു.

അടുത്ത വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയാറാക്കിയ സംഗമത്തില്‍ സമീര്‍ മുണ്േടരി ജുബൈല്‍ (ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ആദര്‍ശ വ്യതിരിക്തത), അര്‍ശദ് ബിന്‍ ഹംസ (സംഘടന, സംഘാടനം) എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. മുബാറക് സലഫി, ഉമര്‍ ഫാറൂഖ് മദനി എന്നിവര്‍ പ്രസംഗിച്ചു. നൌഫല്‍ മദീനി സമാപന പ്രസംഗം നടത്തി. ഉമര്‍ ഷരീഫ് സംഘടനാ വര്‍ക്ഷോപ്പിന് നേതൃത്വം നല്‍കി. ശനോജ് അരീക്കോട് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അബ്ദുള്‍ലത്തീഫ് അരീക്കോട് സ്വാഗതവും മുജീബ് പൂക്കോട്ടൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍