വ്രതശുദ്ധിയുടെ പുണ്യവുമായി ആയിരങ്ങള്‍ പൊങ്കാലയിട്ടു
Monday, October 27, 2014 8:55 AM IST
ന്യൂഡല്‍ഹി : മയൂര്‍ വിഹാര്‍ ഫേസ് 3ലെ പൊങ്കാല പാര്‍ക്കില്‍ (എ1 പാര്‍ക്ക്) രണ്ടു ദിവസം നീണ്ടുനിന്ന പന്ത്രണ്ടാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവം കൊടിയിറങ്ങി.

നോയിഡ, ഫരിദാബാദ്, ഗാസിയാബാദ്, ഡല്‍ഹിയുടെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം മയൂര്‍ വിഹാര്‍ ഫേസ് 3ലെ പൊങ്കാല പാര്‍ക്കിലേക്ക് ഭക്ത സഹസ്രങ്ങള്‍ പൊങ്കാലയുടെ പുണ്യം നുകരാനായി അതിരാവിലെ തന്നെ എത്തിച്ചേര്‍ന്നു.

ചക്കുളത്ത് കാവില്‍ നിന്നും ചക്കുളത്തു കാവ് ക്ഷേത്ര മുഖ്യ കാര്യദര്‍ശി ബ്രഹ്മശ്രീ രാധാകൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ രമേഷ് ഇളമണ്‍ നമ്പൂതിരി, രഞ്ജിത് നമ്പൂതിരി എന്നിവരാണ് പൂജാകര്‍മ്മങ്ങള്‍ നടത്തിയത്.

ശനി രാവിലെ അഞ്ചിന് ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. വൈകുന്നേരം മഹാ ദീപാരാധന, രമേഷ് ഇളമണ്‍ നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണം, ശനിദോഷ നിവാരണ പൂജ, ലഘുഭക്ഷണം എന്നിവയായിരുന്നു ആദ്യ ദിവസത്തെ പരിപാടികള്‍.

രണ്ടാം ദിവസം മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. രാവിലെ 8.30ന് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ കേരള ഗവണ്‍മെന്റ് അഡീഷണല്‍ ലോ സെക്രട്ടറി ഷീല ആര്‍. ചന്ദ്രന്‍, മനോജ് കുമാര്‍ എംഎല്‍എ, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൌണ്‍സിലര്‍ രാജീവ് വര്‍മ്മ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിള്‍ ട്രസ്റ് (കസാക്ട്) പ്രസിഡന്റ സി.എം. പിള്ള സ്വാഗതം ആശംസിച്ചു. സെക്രട്ടറി ഇ.ആര്‍. പദ്മകുമാര്‍ കൃതജ്ഞത പറഞ്ഞു. തേജസ്വി എസ്. കുമാര്‍, അമ്മു പി. നായര്‍ എന്നിവര്‍ പ്രാര്‍ഥനാ ഗീതം ആലപിച്ചു. കൃഷ്ണപ്രിയയും ദേവി മനോഹരനും വിശിഷ്ടാതിഥികള്‍ക്ക് ബൊക്കെ സമര്‍പ്പിച്ചു.

തുടര്‍ന്ന് താത്കാലിക ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ നിന്നും ബ്രഹ്മശ്രീ രാധാകൃഷ്ണന്‍ നമ്പൂതിരി കൊളുത്തിയ ദിവ്യാഗ്നി വിശിഷ്ടാതിഥി ഷീല ആര്‍. ചന്ദ്രന്‍ പണ്ടാര അടുപ്പിലേക്ക് പകര്‍ന്നപ്പോള്‍ മേലേ നീലാകാശത്ത് ദേവീ സാന്നിധ്യമറിയിച്ചുകൊണ്ട് കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നു. ഭക്തജനങ്ങള്‍ വായ്ക്കുരവയിട്ടുകൊണ്ട് ചക്കുളത്തമ്മയ്ക്കു സ്വാഗതമോതി. മയൂര്‍ വിഹാര്‍ ഫേസ്3ലെ ശ്രീ കൃഷ്ണ ഭജന സമിതി അവതരിപ്പിച്ച ഭക്തിഗാനസുധ ക്ഷേത്രാങ്കണവും പരിസര പ്രദേശങ്ങളും ഭക്തി സാന്ദ്രമാക്കി. മുടപ്പല്ലൂര്‍ ജയകൃഷ്ണനും സംഘവും വാദ്യമേളങ്ങള്‍ ഒരുക്കി.

തുടര്‍ന്ന് തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളില്‍ തിരുമേനിമാര്‍ തീര്‍ഥം തളിച്ചതോടെ ഭക്തജനങ്ങള്‍ ദക്ഷിണ അര്‍പ്പിച്ചു ദേവീ ദര്‍ശനം നടത്തി. പിന്നീട് മഹാകലശം, കുട്ടികളുടെ വിദ്യാഭിവൃത്തിക്കായി വിദ്യാകലശം, രക്ത പുഷ്പാഞ്ജലി, പ്രസന്ന പൂജ, അന്നദാനം എന്നിവയും നടന്നു.

അമ്മമാരെ ആദരിക്കുന്ന ചടങ്ങിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന മുതിര്‍ന്ന ഒമ്പത് അമ്മമാരെ ചടങ്ങില്‍ ആദരിച്ചു.

തങ്കമണിയമ്മ (ചെങ്ങന്നൂര്‍ മെഹ്റോളി), വത്സല ആര്‍ നായര്‍ (ചെങ്ങന്നൂര്‍ പുഷപ് വിഹാര്‍), ചന്ദ്രികാ മണി (വെളിയന്നൂര്‍, തൃശൂര്‍ മയൂര്‍ വിഹാര്‍3), ഗൌരി (വടകര മയൂര്‍ വിഹാര്‍3), ഹൈമവതി നാരായണന്‍ (വടകര മയൂര്‍ വിഹാര്‍3),സരോജിനി രാജപ്പന്‍ (ഇടുക്കി, വണ്ടന്‍മേട് മയൂര്‍ വിഹാര്‍2), മീനാക്ഷിയമ്മ (വാരിയംപള്ളി, മാവേലിക്കര ചില്ല ഡിഡിഎ. മയൂര്‍ വിഹാര്‍1), സരോജിനിയമ്മ (കിളിമാന്നൂര്‍, തിരുവനന്തപുരം ആയാ നഗര്‍), രുക്മണി (കോന്നി മയൂര്‍ വിഹാര്‍3) എന്നിവരായിരുന്നു ആദരിക്കപ്പെട്ട അമ്മമാര്‍.

കെ. മാധവന്‍ നായര്‍, ഡല്‍ഹി മലയാളി അസോസിയേഷന്‍ ട്രഷറര്‍ പി. രവീന്ദ്രന്‍ തുടങ്ങിയ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

പൊങ്കാല മഹോത്സവത്തില്‍ പങ്കെടുക്കുവാനായി ഡല്‍ഹിയില്‍ നിന്നും പ്രാന്ത പ്രദേശങ്ങളില്‍ നിന്നുമായി നിരവധി ഭക്തജനങ്ങള്‍ എത്തിയിരുന്നുവെന്ന് ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിള്‍ ട്രസ്റ് ട്രഷറര്‍ സി.ബി. മോഹനന്‍, വൈസ് പ്രസിഡന്റ് ശ്യാമള ചന്ദ്രന്‍, ജോ. സെക്രട്ടറി സന്തോഷ് കുമാര്‍ എന്നിവര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി