വിക്ടോറിയ സ്റേറ്റ് പാര്‍ലമെന്റിലേക്ക് ഭരണകക്ഷി സ്ഥാനാര്‍ഥിയായി ജോര്‍ജ് വര്‍ഗീസ്
Monday, October 27, 2014 7:02 AM IST
വിക്ടോറിയ: വിക്ടോറിയ സ്റേറ്റ് പാര്‍ലമെന്റിലേക്ക് നവംബറില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ജോര്‍ജ് വര്‍ഗീസ്. പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന മില്‍പാര്‍ക്ക് നിയോജക മണ്ഡലത്തിലാണ് ജോര്‍ജ് വര്‍ഗീസ് മത്സരിക്കുന്നത്. വിക്ടോറിയ സ്റേറ്റില്‍ ആദ്യമായാണ് ഒരു മലയാളി മത്സര രംഗത്ത് എത്തുന്നത്. ലേബര്‍ പാര്‍ട്ടിക്കുവേണ്ടി സിറ്റിംഗ് എംപിയും മുന്‍ മന്ത്രിയുമായ ലിലി ഡി അംബ്രൊസിഒ യാണ് മത്സര രംഗത്തുള്ളത്.

ഇലക്ഷന്‍ കാംബയിന്‍ വാട്സോണിയ ഞടഘ ല്‍ വച്ചു ഫെഡറല്‍ സോഷ്യല്‍ സര്‍വീസ് മന്ത്രി കെവിന്‍ ആന്‍ഡ്രൂസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രമുഖ ലിബറല്‍ പാര്‍ട്ടി നേതാക്കന്മാരും ക്ഷണിക്കപ്പെട്ട സാമൂഹിക, മാധ്യമ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു, മലയാള മാധ്യമങ്ങളെ ഇന്ത്യന്‍ മലയാളി ചീഫ് എഡിറ്റര്‍ തിരുവല്ലം ഭാസിയും മലയാളം വാര്‍ത്ത എഡിറ്റര്‍ അരുണ്‍ പാലക്കാലോടിയും പ്രതിനിധീകരിച്ചു.

ചടങ്ങില്‍ ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ഥി വര്‍ഗീസിന്റെ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രവര്‍ത്തനങ്ങളും വികസന വാഗ്ദാനങ്ങളും ചര്‍ച്ച ചെയ്തു. വര്‍ഗീസ് കഴിഞ്ഞ കാലഘട്ടങ്ങളില്‍ ആര്‍ജിച്ച ബഹുമുഖമായ പ്രവര്‍ത്തന പരിചയം ദേശത്തിന്റെയും പാര്‍ട്ടിയുടെയും പുരോഗതിക്ക് സഹായമാകും എന്ന് പ്രതീക്ഷിക്കുന്നതായി ലിബറല്‍ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ അറിയിച്ചു.

ലേബര്‍ പാര്‍ട്ടിയുടെ ഉറച്ച സീറ്റായ ഇവിടെ നിന്നും മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജോര്‍ജ് വര്‍ഗീസിനെ ലിബറല്‍ രംഗത്തിറക്കിയിരിക്കുന്നത്. 2006 ലാണ് ഇദ്ദേഹം ഇന്ത്യയില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. പ്രാഥമിക വിദ്യാഭ്യാസം ഇന്ത്യയിലായിരുന്നു. സാമൂഹ്യപ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെടുന്ന ജോര്‍ജ് വര്‍ഗീസ് ദുബായിലും ഷാര്‍ജായിലും കലാ സാംസ്കാരിക രംഗത്ത് സജീവമായിരുന്നു. വര്‍ഗീസ് വിക്ടോറിയ ലിബറല്‍ പാര്‍ട്ടിയില്‍ കുറെ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരികയാണ്.

റിപ്പോര്‍ട്ട്: അരുണ്‍ മാത്യു