യുകെ കെസിവൈഎല്‍ യുവജനോത്സവം: മാഞ്ചസ്ററും വൂസ്റ്റര്‍ഷയറും ചാമ്പ്യന്മാര്‍
Monday, October 27, 2014 6:56 AM IST
ബര്‍മിംഗ്ഹാം: യുകെയിലെ പ്രഥമ യുവജന സംഘടനയായ യുകെ കെസിവൈഎല്‍ സംഘടിപ്പിച്ച മൂന്നാമത് യുവജനോത്സവം വര്‍ണാഭമായി. ബര്‍മിംഗ്ഹാമില്‍ നടന്ന കലോത്സവത്തില്‍ യുകെയുടെ നാനാ ഭാഗത്തു നിന്നെത്തിയ ക്നാനായ യുവജനങ്ങള്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചു. രാവിലെ 9.30 ന് യുകെ കെസിവൈഎല്‍ നാഷണല്‍ ചാപ്ളെയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ ഉദ്ഘാടനം ചെയ്ത യുവജനോത്സവത്തില്‍ ക്നാനായ ആചാരങ്ങള്‍ക്കും കലകള്‍ക്കും മുന്‍തൂക്കം കൊടുത്തു. പുരാതന പാട്ട്, മാര്‍ഗംകളി എന്നീ ഇനങ്ങളായിരുന്നു തുടക്കത്തില്‍. തുടര്‍ന്ന് പാട്ട്, പ്രസംഗം, ക്വിസ് എന്നീ ഇനങ്ങള്‍ അരങ്ങേറി. ഉച്ചകഴിഞ്ഞ് നാഷണല്‍ കൌണ്‍സില്‍ മീറ്റിംഗിനുശേഷം വിവിധയിനം ഡാന്‍സ് ഇനങ്ങളില്‍ വാശിയേറിയ മത്സരം നടന്നു.

ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി മാഞ്ചസ്റര്‍ യൂണിറ്റ് കിരീടം നിലനിര്‍ത്തി. കന്നിയങ്കത്തിനിറങ്ങിയ വൂസ്റ്റര്‍ ഷയര്‍ രണ്ടാമതും സ്റോക്ക് ഓണ്‍ ട്രെന്റ് മൂന്നാമതുമെത്തി. കലാതിലകമായി വൂസ്റര്‍ഷയര്‍ യൂണിറ്റിലെ വര്‍ഷാ റെജിയും കലാപ്രതിഭയായി മാഞ്ചസ്റര്‍ യൂണിറ്റിലെ ജീന്‍ ജേക്കബും തെരഞ്ഞെടുക്കപ്പെട്ടു.

എ ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ ടോയല്‍ കോയിത്തറ, ജിസിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഷാരോണ്‍ സജി, യുകെ കെസിവൈഎല്‍ അംഗങ്ങളില്‍ നിന്നും ആദ്യമായി ഡോക്ടറായ ആന്‍ മേരി സ്റീഫന്‍ എന്നിവരെ പ്രത്യേകം ആദരിച്ചു. മാതൃസംഘടനയായ യുകെ കെസിഎ ഭാരവാഹികളുടെ സാന്നിധ്യം യുവജനങ്ങള്‍ക്ക് ആവേശകരമായി.

യുകെ കെസിവൈഎല്‍ നാഷണല്‍ ചാപ്ളെയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍, നാഷണല്‍ ഡയറക്ടറന്മാരായ സാബു കുര്യാക്കോസ്, ഷെറി ബേബി, യുകെ കെസിവൈഎല്‍ ഭാരവാഹികളായ അമിത് മോഹന്‍, ലിബിന്‍ ചാക്കോ, ജോബി മാത്യു, അനന്യ ജോര്‍ജ്, ജോസ് സില്‍വസ്റര്‍ എന്നിവര്‍ യുവജനോത്സവത്തിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍