കേരളാ റൈറ്റേഴ്സ് ഫോറം ഒക്ടോബര്‍ ചര്‍ച്ചാസമ്മേളനം ശ്രദ്ധേയമായി
Monday, October 27, 2014 4:56 AM IST
ഹൂസ്റന്‍: ഹൂസ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരളാ റൈറ്റേഴ്സ് ഫോറത്തിന്റെ ഒക്ടോബര്‍ മാസ സമ്മേളനം അത്യന്തം വിജ്ഞാനപ്രദവും ശ്രദ്ധേയവുമായി. ഒക്ടോബര്‍ 18-ാം തീയതി വൈകുന്നേരം ഹൂസ്റനിലെ സ്റാഫോര്‍ഡിലുള്ള സുപ്രീം ഹെല്‍ത്ത് കെയര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് പ്രതിമാസ ചര്‍ച്ചാ സമ്മേളനം നടത്തി. കേരളാ റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് ജോണ്‍ മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി മാത്യു മത്തായി പ്രതിമാസ റിപ്പോര്‍ട്ട് വായിച്ചു. തുടര്‍ന്ന് സുകുമാരന്‍ നായരുടെ അധ്യക്ഷതയില്‍ ഭാഷാ സാഹിത്യ ചര്‍ച്ചകളും വിശകലനങ്ങളും നടത്തി. 'അക്ഷരങ്ങള്‍ അപ്രസക്തമാകുന്നുവോ?' എന്ന ശീര്‍ഷകത്തില്‍ ഈശോ ജേക്കബ് തയ്യാറാക്കിയ ലേഖനം അദ്ദേഹം തന്നെവായിച്ചു. അക്ഷരങ്ങള്‍ അവസാനിക്കുകയാണൊ എന്ന ചോദ്യചിഹ്നവുമായി ജോണ്‍ മാത്യു തയാറാക്കിയ ലേഖനം അദ്ദേഹം അവതരിപ്പിച്ചു. ഈ രണ്ട് ലേഖനങ്ങളും മലയാള ഭാഷയേയും അക്ഷരങ്ങളേയും പറ്റിയുള്ള ഓരോ ശാസ്ത്രീയ പഠനങ്ങളും അവലോകനങ്ങളുമായിരുന്നു. അവിടെ സന്നിഹിതരായിരുന്നവര്‍ പ്രബന്ധത്തില്‍ ചൂണ്ടിക്കാണിച്ച വാദഗതികളെപ്പറ്റി അവഗാഹമായി ചര്‍ച്ച ചെയ്തു.

ജോസഫ് തച്ചാറയുടെ 'ഗാനഗന്ധര്‍വ്വന്‍' എന്ന ചെറുകഥ പാരായണം ഏവരേയും ആകര്‍ഷിച്ചു. തോമസ് തയ്യില്‍, മാത്യു നെല്ലിക്കുന്ന്, ശശിധരന്‍ നായര്‍, മാത്യു മത്തായി ജോസഫ് തച്ചാറ, എ.സി. ജോര്‍ജ്, കെ. സുരേന്ദ്രന്‍, ജോണ്‍ മാത്യു തുടങ്ങിയവര്‍ചര്‍ച്ചാ സമ്മേളനത്തില്‍ സജീവമായിരുന്നു.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്