പ്രവാസി കേരളീയ ദിവസ് പരിഗണയിലെന്ന് നോര്‍ക്ക മന്ത്രി കെ.സി. ജോസഫ്
Saturday, October 25, 2014 7:59 AM IST
ലണ്ടന്‍: പ്രവാസി ഭാരതീയ ദിവസിന്റെ മാതൃകയില്‍ പ്രവാസി മലയാളികളെ സംഘടിപ്പിച്ച് പ്രവാസി കേരളീയ ദിവസ് നടത്തുന്നത് പരിഗണിക്കുമെന്ന് സംസ്ഥാന പ്രവാസി കാര്യ മന്ത്രി കെ.സി ജോസഫ് വെളിപ്പെടുത്തി.

യൂറോപ്പില്‍ നോര്‍ക്കയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് മന്ത്രിക്ക് നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. ലണ്ടനില്‍ കഴിഞ്ഞ ആഴ്ച്ച നടന്ന പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുത്തതിനുശേഷമാണ് അദ്ദേഹം പ്രവാസി കേരളീയ ദിവസ് എന്ന ആശയം പങ്കുവച്ചത്.

നാട്ടില്‍ തിരിച്ചെത്തിയതിനുശേഷം യൂറോപ്പിലെ മലയാളികളെ നോര്‍ക്കയുമായി ബന്ധിപ്പിക്കുന്നതിനുള്ള കൂടുതല്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിലെ മലയാളികള്‍ക്കുവേണ്ടി ആദ്യ പ്രവാസി കേരളീയ ദിവസ് സംഘടിപ്പിക്കണമെന്ന ഒഐസിസി യുകെ പ്രതിനിധികളുടെ ആവശ്യം അനുഭാവപൂര്‍ണം പരിഗണിക്കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. മന്ത്രിയോടൊപ്പം പത്നി സാറാ ജോസഫ്, നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, അഡീ. സെക്രട്ടറി. ആര്‍.എസ്. കണ്ണന്‍ എന്നിവരും പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുത്തിരുന്നു. കൂടാതെ ഒഐസിസി യുകെയുടെ പ്രതിനിധികളായി ദേശീയ ആക്ടിംഗ് പ്രസിഡന്റ് ജെയ്സണ്‍ ജോര്‍ജ്, ഭാരവാഹികളായ എബി സെബാസ്റ്യന്‍, മാമ്മന്‍ ഫിലിപ്പ്, തോമസ് പുളിക്കല്‍, അനു ജോസഫ്, ഷൈമ അമ്മാള്‍ എന്നിവര്‍ പങ്കെടുത്തു.