യുകെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പഠനസംഘം കേരളത്തിലേക്ക് തിരിച്ചു
Saturday, October 25, 2014 7:59 AM IST
ലിവര്‍പൂള്‍: ഇന്തോ-ബ്രിട്ടിഷ് എഡ്യൂക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി 10 ദിവസത്തെ യുകെ സന്ദര്‍ശനത്തിനായി കേരളത്തില്‍ നിന്നെത്തിയ അധ്യാപകരും വിദ്യാര്‍ഥികളുമായ 25 അംഗ പഠനസംഘം തിരിച്ച് കേരളത്തിലേക്ക് യാത്രയായി.

ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ അഞ്ചു ദിവസത്തെ പഠനം പൂര്ത്തിയാക്കിയ സംഘം വിവിധ സ്കൂളുകളിലും സിറ്റി കൌണ്‍സിലിലും നടന്ന വിദ്യാഭ്യാസ ചര്‍ച്ചകളില്‍ പങ്കെടുത്തു.

കേരള സംസ്കാരത്തേയും വിദ്യാഭ്യാസ രീതികളേയും അടുത്തറിയുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്െടന്നും സന്ദര്‍ശന പരിപാടികള്‍ ഇന്തോ-ബ്രിട്ടീഷ് ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നവരായും ലിവര്‍പൂള്‍ മേയര്‍ എറിക്ക കെബ് അഭിപ്രായപ്പെട്ടു. കേരള സംസ്കാരം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ലിവര്‍പൂളിലെ മലയാളി സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ലിവര്‍പൂളിലെ പ്രമുഖ മലയാളി സംഘടനയായ ലിംകയുടെ മലയാളം സപ്ളിമെന്ററി സ്കൂളിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതായും സിറ്റി മേയര്‍ കൂട്ടിച്ചേര്‍ത്തു.

സിറ്റി സൌണ്‍സിലിന്റെ പ്രത്യേക ക്ഷണപ്രകാരം നേരത്തെ ടൌണ്‍ ഹാളിലെത്തിയ പഠനസംഘത്തെ മേയറും നിരവധി വകുപ്പു മേധാവികളും ചേര്‍ന്ന് സ്വീകരണം നല്‍കി. ബ്രോഡ് ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്ന സ്വീകരണ പരിപാടികളും യാത്രയയപ്പു യോഗത്തില്‍ വിവിധ സ്ത്രീകളുടെ പ്രതിനിധികളും വിദ്യാഭ്യാസ, സാംസ്കാരിക വകുപ്പുകളിലെ നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു.

വിദ്യാഭ്യാസ പരിപാടികള്‍ക്കുപുറമെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച സംഘാംഗങ്ങള്‍ രണ്ടു ദിവസത്തെ ലണ്ടന്‍ സന്ദര്‍ശനത്തിനുശേഷമാണ് കേരളത്തിലേക്ക് മടങ്ങിയത്.

2015 ഫെബ്രുവരിയില്‍ ലിവര്‍പൂളില്‍ നിന്നുമെത്തുന്ന കേരള പഠനസംഘത്തെ സ്വീകരിക്കാനെത്തുമെന്ന് പറഞ്ഞ സംഘാംഗങ്ങള്‍ ലിവര്‍പൂള്‍ സിറ്റി കൌണ്‍സിലിനും ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളിനും ജിജോ മാധവപള്ളിക്കും തോസ് ജോണ്‍ വാരിക്കാട്ടിനും നന്ദിപറഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി തുടരുന്ന പാഠ്യപദ്ധതിയുടെ ഭാഗമായി ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളിന്റെ കേരള പാര്‍ട്ണര്‍ സ്കൂളായ കോട്ടയം കല്ലറ സെന്റ് തോമസ് ഹൈസ്കൂളിലെ പ്രധാന അധ്യാപികര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുറമെ എറണാകുളം ചോയ്സ് ഇന്റര്‍നാഷണല്‍ സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളുമാണ് പഠന സംഘത്തിലുണ്ടായിരുന്നു.

ഇന്തോ-ബ്രിട്ടീഷ് എഡ്യൂക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ എക്സേഞ്ച് പ്രോഗ്രാമിന്റെ കോഓര്‍ഡിനേറ്റേഴ്സായ ആഷിന്‍ സിറ്റി ടൂര്‍സ് ട്രാവല്‍സിന്റെ എംഡി ജിജോ മാധവപള്ളിയും ലിവര്‍പൂളിലെ പൊതു പ്രവര്‍ത്തകനും ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാണല്‍ സ്കൂളിലെ ഇന്ത്യന്‍ കമ്യൂണിറ്റി ഗവേര്‍ണിംഗ് ബോഡി മെംബറുമായ തോമസ് ജോണ്‍ വാരിക്കാട്ടുമാണ് പരിപാടിയുടെ സംഘാടകര്‍.