കഅബയുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ അന്തരിച്ചു
Saturday, October 25, 2014 7:49 AM IST
ജിദ്ദ: വിശുദ്ധ കഅബയുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ ഷെയ്ഖ് അബ്ദുള്‍ ഖാദിര്‍ ബിന്‍ താഹ അല്‍ ശെയ്ബി (74) നിര്യാതനായി. വെള്ളിയാഴ്ച രാവിലെ ജിദ്ദ കിംഗ് ഖാലിദ് നാഷണല്‍ ഗാര്‍ഡ് ആശുപത്രിയിലായിരുന്നു അന്ത്യം.

കാന്‍സര്‍ രോഗബാധിതനായി അഞ്ച് മാസക്കാലമായി ചികില്‍സയിലായിരുന്നു. കൂടാതെ കരള്‍, പ്രമേഹ രോഗങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.

വെള്ളി വൈകിട്ട് മക്ക മസ്ജിദുല്‍ ഹറാമില്‍ ജനാസ നിസ്കാരത്തിനുശേഷം മക്കയിലെ അല്‍ മുഅ്ലാ മഖ്ബറയില്‍ ഖബറടക്കി.

2010ല്‍ ശെയ്ബി കുടുംബത്തിലെ മുതിര്‍ന്ന അംഗമായ ഷെയ്ഖ് അബ്ദുള്‍ അസീസ് ബിന്‍ അബ്ദുള്‍ അല്‍ ശെയ്ബിയുടെ മരണ ശേഷമാണ് ഷെയ്ഖ് അബ്ദുള്‍ ഖാദിര്‍ താക്കോല്‍ സൂക്ഷിപ്പുകാരനായത്. കഴിഞ്ഞ 16 നൂറ്റാണ്ടുകളായി ശെയബി കുടുംബമാണ് കഅ്ബയുടെ താക്കോല്‍ സൂക്ഷിക്കുത്. പ്രവാചകന്‍ മുഹമ്മദ് നബി (സ) മദീനയില്‍നിന്ന് തിരിച്ചെത്തി അക്രമികളില്‍നിന്ന് മക്കയെ മോചിപ്പിച്ച അവസരത്തിലാണ് കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പിനുള്ള അധികാരം ശെയ്ബി കുടുംബത്തിനു നല്‍കിയത്. അന്നുമുതല്‍ ശെയ്ബി കുടുംബം കഅ്ബയുടെ താക്കോല്‍ സൂക്ഷിച്ചുവരികയാണ്.

2013 നവംബര്‍ 18ന് കഅബയുടെ താക്കോല്‍ പുതുക്കി നിര്‍മിച്ചിരുന്നു. അന്നത്തെ മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനില്‍ നിന്നാണ് ഷെയ്ഖ് അബ്ദുള്‍ ഖാദിര്‍ താക്കോല്‍ ഏറ്റുവാങ്ങിയത്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍