പെയ്സ് ടോസ്റ് മാസ്റേഴ്സ് യുവ നേതൃ പരിശീലന പരിപാടി ആരംഭിച്ചു
Saturday, October 25, 2014 7:48 AM IST
ജിദ്ദ: നേതൃപാടവവും ആശയവിനിമയ പ്രാപ്തിയും ലക്ഷ്യമിട്ട് പെയ്സ് ടോസ്റ്മാസ്റേഴ്സ് ക്ളബ് സംഘടിപ്പിക്കുന്ന യുവ നേതൃ പരിശീലന പരിപാടിക്ക് (വൈഎടിപി) വര്‍ണാഭമായ തുടക്കം. ജിദ്ദയിലെ വിവിധ ഇന്റര്‍നാഷണല്‍ സ്കൂളുകളിലെ 60 വിദ്യാര്‍ഥികളാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. എട്ട് ആഴ്ച നീണ്ടുനില്‍ക്കുന്നതാണ് പരിശീലനം.

രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ സീസസ് റസ്ററന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ആഗോള ഗ്രാമത്തില്‍ അനായാസമായി ആശയവിനിമയം നടത്തിയും നേതൃപാടവം പ്രകടിപ്പിച്ചും എങ്ങനെ നേട്ടങ്ങള്‍ കൈവരിക്കാനാവുമെന്നതിനെക്കുറിച്ച് പെയ്സ് അഡ്വാന്‍സ്ഡ് ടോസ്റ്മാസ്റേഴ്സ് ക്ളബ് പ്രസിഡന്റും പരിപാടിയുടെ ഉപദേശകനുമായ ഡോ. ലക്ഷ്മണ്‍ ചൊക്കലിംഗം വിശദീകരിച്ചു. സെക്രട്ടറി നിഅ്മത്തുള്ള ലബ, വൈസ് പ്രസിഡന്റ് ജിമ്മി ചാക്കോ, ഏരിയ ഗവര്‍ണര്‍ ശാന്തി ലക്ഷ്മണ്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസ് എടുത്തു.

എല്ലാ ശനിയാഴ്ചയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ആറുവരെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായായിരിക്കും പരിശീലനം നല്‍കുകയെന്ന് ചീഫ് കോഓര്‍ഡിനേറ്റര്‍ അബ്ദുള്‍ അസീസ് തങ്കയത്തില്‍ അറിയിച്ചു. രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ പരിശീലന പരിപാടിയില്‍ കുട്ടികള്‍ സ്വായത്തമാക്കിയ അറിവുകളുടെ പ്രകടനത്തോടെയായിരിക്കും സമാപനമെന്ന് അസീസ് പറഞ്ഞു. ടോസ്റ് മാസ്റര്‍മാരായ മുഹമ്മദ് ഫൌസി, ഷേയ്ഖ് സഹ്റാന്‍ അബുസാഹിദ്, രാജീവ് നായര്‍, സതീഷാ പുത്തിഗേ, സജി കുര്യാക്കോസ് തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. ക്ളബ് രൂപീകരിച്ച് സ്ഥിരമായി യുവാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ ഉദ്ദേശിക്കുന്നതായി പ്രസിഡന്റ് രമേഷ് മേനോന്‍ അറിയിച്ചു.

ഓരോ ആഴ്ചയിലേയും പരിപാടികള്‍ക്ക് നേതൃത്വം വഹിക്കുന്നതിന് യൂത്ത് ലീഡേഴ്സായി സൈനബ് റഫീഖ്, ആതിര സുരേഷ്, ശ്രീപര്‍ണ രാജേഷ്, ആദിത്യദേവ്മിനി, ആന്‍ മേരി ജോ, അനുപമ രാജേഷ്, അലീന ജിമ്മിച്ചന്‍, അദ്നാന്‍ നിയാസ്, സ്റീവ് സജി, ആതിഫ് അഹമ്മദ് സഫീന്‍, രോഹന്‍ റോയ് മാത്യു, അമിത് അനൂപ് കുമാര്‍, റൂബന്‍ റോയ് മാത്യു, അമ്മാര്‍ ഇലിയാസ്, ഹാസിഖ് ഫിറോസ് എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍