രോഗിയായ ഒമാനകുട്ടന്റെ ബന്ധുക്കളെയും തൊഴില്‍ ഉടമയെയും തേടി നവോദയ
Saturday, October 25, 2014 7:46 AM IST
തായിഫ് : തായിഫ് കിംഗ് ഫൈസല്‍ ആശുപത്രിയില്‍ കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയില്‍ കഴിയുന്ന കൊല്ലം പത്തനാപുരം പറയരുവിള ഒമാനകുട്ടനെ നാട്ടില്‍ എത്തിക്കുന്നതിനുവേണ്ടിയാണ് നവോദയ ട്രഷറര്‍ പന്തളം ഷാജി ഒമാനകുട്ടന്റെ ബന്ധുക്കളെയും തൊഴില്‍ ഉടമയെയും തെരയുന്നത്.

ആശുപത്രിയിലെ മലയാളി ഡോ. ഷമീര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പന്തളം ഷാജിയും തായിഫ് ബ്രദേഴ്സ് സെക്രട്ടറി ജെ. ഷാഫി ഖാനും ആശുപത്രിയില്‍ അന്വഷിച്ച് ചെന്നത്. ആശുപത്രിയില്‍ കയിയുന്ന ഒമാനകുട്ടനെ സന്ദര്‍ശിക്കാന്‍ ബന്ധുക്കളോ സുഹൃത്തുകളോ എത്താഞ്ഞതിനെ തുടര്‍ന്നാണ് ഡോ. ഷമീര്‍ വിഷയം ഷാജിയുടെ ശ്രദ്ധയില്‍പെടുത്തിയത്

ഒരാഴ്ച മുമ്പാണ് തായിഫില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ ബനിസാദ് ജനറല്‍ ആശുപത്രിയില്‍ നിന്നും കിംഗ് ഫൈസല്‍ ആശുപത്രിയില്‍ ഒമാനകുട്ടനെ എത്തിച്ചത്. ഇടയ്ക്കിടെ കട്ടിലില്‍ നിന്നും ഇറങ്ങി ഓടാന്‍ ശ്രമിക്കുന്ന ഒമാനകുട്ടനെ ആശുപത്രി ജീവനക്കാര്‍ കട്ടിലില്‍ കെട്ടിയിട്ടിരിക്കുകയാണ്. ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ രോഗ കാരണം മാനസിക അസ്വസ്തത ആകാമെന്ന് പരിശോധിച്ച ഡോക്ടര്‍ പറയുന്നു. പഴയ കാര്യങ്ങള്‍ കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയാത്ത ഒമാനകുട്ടന്‍ സൌദിയില്‍ എത്തിയ ശേഷമുള്ള കാര്യങ്ങള്‍ പരസ്പര വിരുദ്ധമായാണ് പറയുന്നത്

തിരുവനന്തപുരത്തുനിന്നും എയര്‍ അറേബ്യ വിമാനത്തില്‍ തായിഫില്‍ വന്ന തന്നെ വീസ നല്‍കിയ നൌഷാദിന്റെ 'ആള്‍'വന്നു ജോലി സ്ഥലത്ത് കൂട്ടിക്കൊണ്ടു പോയി എന്നും അവിടെ എത്തിയപ്പോള്‍ തലക്ക് പെരുപ്പ് അനുഭവപെട്ടെന്നും അതിനുശേഷമുള്ള കാര്യങ്ങള്‍ ഓര്‍മയില്ലന്നും പറയുന്ന ഒമാനകുട്ടന്‍ ചില നേരങ്ങളില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും വിമാനം കയറിയ താന്‍ എവിടെയാണ് എത്തിയതെന്നും തന്നെ ആരാണ് ഇവിടെ കൊണ്ടുവന്നതെന്നും ചോദിക്കുന്നുണ്ട്.

സൌദിയില്‍ ബന്ധുക്കള്‍ ജോലി ചെയ്യുന്നുണ്െടന്ന് പറയുന്ന ഒമാനകുട്ടന് അവരുടെയോ നാട്ടിലേയോ ഫോണ്‍ നമ്പര്‍ ഓര്‍ത്തെടുക്കാന്‍ കഴിയാത്തത് സാമുഹ്യപ്രവര്‍ത്തകനെ കുഴയ്ക്കുന്നത്. തൊഴില്‍ ഉടമയെയോ ബന്ധുക്കളെയോ കണ്െടത്തിയാല്‍ ഒമാനകുട്ടനെ നാട്ടില്‍ എത്തിക്കാമെന്നാണ് ഷാജിയുടെ പ്രതീക്ഷ.

ഷാജിയുടെ മൊബൈല്‍ നമ്പര്‍ 0596792118

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍