എസ്ബിഐയില്‍ എടിഎം ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി
Saturday, October 25, 2014 7:44 AM IST
ഫ്രാങ്ക്ഫര്‍ട്ട്-മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ യില്‍ സൌജന്യ എടിഎം ഇടപാടുകള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പുതുക്കിയ നിയമം അനുസരിച്ച് 25,000 രൂപയില്‍ താഴെ അക്കൌണ്ട് ബാലന്‍സ് ഉള്ളവര്‍ക്ക്് പ്രതിമാസം നാല് തവണമാത്രമേ സൌജന്യ എടിഎം ഇടപാട് അനുവദിക്കുകയുള്ളു. എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നവര്‍ക്ക് മൂന്നു തവണ മാത്രമാണ് സൌജന്യ ഇടപാട്.

എസ്ബിഐ ല്‍ 25,000 രൂപയില്‍ കൂടുതല്‍ ബാലന്‍സുള്ളവര്‍ക്ക് ബാങ്കിന്റെ എടിഎമ്മില്‍ പരിധിയില്ലാതെ ഇടപാട് നടത്താം. അതേസമയം മറ്റ് ബാങ്കുകളുടെ സൌജന്യ എടിഎം ഉപയോഗം മൂന്നായി തന്നെ തുടരും. മിനിമം ഒരു ലക്ഷം രൂപ എസ്ബിഐ അക്കൌണ്ട് ബാലന്‍സുള്ളവര്‍ക്ക് രാജ്യത്തെ എല്ലാ എടിഎമ്മുകളും സൌജന്യമായി എത്ര തവണയും ഉപയോഗിക്കാം. അതുപോലെ എസ്ബിഐ ബാങ്ക് ബ്രാഞ്ചിലെത്തി പണം പിന്‍വലിക്കുന്നതിന് ഇനി മുതല്‍ ഫീസ് ഈടാക്കും. എന്നാല്‍ പ്രതിമാസം നാലു തവണ ബ്രാഞ്ച് മുഖാന്തരം പണം പിന്‍വലിക്കുന്നത് സൌജന്യമാണ്. ഈ മാറിയ എടിഎം-ബ്രാഞ്ച് ഇടപാട് നിയന്ത്രണങ്ങള്‍ പ്രവാസികള്‍ ശ്രദ്ധിക്കണമെന്ന് എസ്ബിഐ ബാങ്കിംഗ് സര്‍വീസ് വിഭാഗം അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍