ഒരുക്കങ്ങള്‍ പൂര്‍ണം; ചക്കുളത്തമ്മ പൊങ്കാല ഞായറാഴ്ച
Friday, October 24, 2014 9:24 AM IST
ന്യൂഡല്‍ഹി: പന്ത്രണ്ടാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിന് ഉള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പ്രത്യേകം നിര്‍മിക്കുന്ന ശ്രീകോവിലിന്റെ പണി പുരോഗമിക്കുന്നു. പൊങ്കാലക്കുള്ള കലങ്ങളെല്ലാം എത്തിച്ചേര്‍ന്നു.

രാവിലെ ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. വൈകുന്നേരം രാധാകൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ശനിദോഷ നിവാരണ പൂജ, രമേശ് ഇളമന്‍ നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണം, തുടര്‍ന്ന് ലഘു ഭക്ഷണം കരിമരുന്നു പ്രകടനം എന്നിവയോടെ ആദ്യ ദിവസത്തെ പരിപാടികള്‍ സമാപിക്കും.

ഞായര്‍ രാവിലെ അഞ്ചു മുതല്‍ 10 വരെ പൊങ്കാലയും മറ്റു വഴിപാടുകളും ബുക്ക് ചെയ്യുവാന്‍ പ്രത്യേക കൌണ്ടര്‍ ഉണ്ടായിരിക്കും.

രണ്ടാം ദിവസം മഹാ ഗണപതിഹോമത്തോടെ പരിപാടികള്‍ ആരംഭിക്കും. എട്ടിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ അഡീഷണല്‍ ലോ സെക്രട്ടറി, കേരളാ ഗവണ്‍മെന്റ് ഷീല ആര്‍. ചന്ദ്രന്‍ പങ്കെടുക്കും. കൂടാതെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പൊങ്കാലയില്‍ പങ്കെടുക്കും.

തുടര്‍ന്ന് വിദ്യാകലശം, മഹാ കലശാഭിഷേകം, പ്രസന്ന പൂജ. രാവിലെ 9.30 മുതല്‍ ശ്രീ കൃഷ്ണ ഭജന സമിതി, മയൂര്‍ വിഹാര്‍ 3 അവതരിപ്പിക്കുന്ന ഭക്തി ഗാനസുധ, ഉച്ചക്ക് ചക്കുളത്തമ്മയുടെ പ്രധാന പ്രസാദമായ അന്നദാനം എന്നിവ നടക്കും. ഉത്സവാഘോഷങ്ങള്‍ക്ക് മുടപ്പല്ലൂര്‍ ജയകൃഷ്ണനും സംഘവും വാദ്യ മേളങ്ങള്‍ ഒരുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9717494980, 99899760291.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി