സാമൂഹ്യ ജീര്‍ണതക്കെതിരെ ദമാം നവോദയ സ്നേഹസംഗമം സംഘടിപ്പിക്കുന്നു
Friday, October 24, 2014 9:22 AM IST
ദമാം: സമൂഹത്തിലെ സാംസ്കാരിക ജീര്‍ണതകള്‍ക്കും തെറ്റായ ജീവിത ശൈലികള്‍ക്കുമെതിരെ നവോദയ സാംസ്കാരിക വേദി സ്നേഹസംഗമം സംഘടിപ്പിക്കുന്നു.

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ ഒരു മാസം നീളുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രതല ഉദ്ഘാടനം ഒക്ടോബര്‍ 31ന് വൈകുന്നേരം മൂന്നിന് ദമാമില്‍ നടക്കും. സാമൂഹ്യ, സാസ്കാരിക മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

കിഴക്കന്‍ പ്രവിശ്യയിലെ മുഴുവന്‍ യൂണിറ്റുകളിലും വിവിധ ദിവസങ്ങളിലായി ഒരുക്കുന്ന കൂട്ടായ്മകളില്‍ സ്നേഹസംഗമത്തിന്റെ സന്ദേശങ്ങള്‍ കൈമാറുന്നതിനൊപ്പം, അംഗങ്ങളുടെ കലാ പ്രകടനങ്ങളും അരങ്ങേറൂം.

നവോഥാനത്തിലൂടെ നേടിയെടുത്ത മതനിരപേക്ഷമായ സാംസ്കാരിക പരിസരങ്ങളില്‍ നിന്ന് വഴിമാറി, അന്ധവിശ്വാസങ്ങളില്‍ അഭയം തേടുന്ന പ്രവണത സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ഈ കാലത്ത് അതിനെതിരെയുള്ള ഓര്‍മപ്പെടുത്തലിനൊപ്പം, ശക്തമായ ബോധവത്കരണം കൂടി സ്നേഹ സംഗമ ത്തിലൂടെ നവോദയ ലക്ഷ്യമിടുന്നു.

തെറ്റായ ജീവിത ശൈലികള്‍ മൂലം ലഹരിക്ക് അടിപ്പെട്ട് ജീവിതം നഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. ചൂതാട്ടങ്ങളും കൊള്ളപ്പലിശകളും അരങ്ങുതകര്‍ക്കുന്നു. അത്യാഢംബരങ്ങളും ധൂര്‍ത്തും കൂടിവരുന്നു. വരുമാനത്തിനപ്പുറം ചിലവഴിക്കകയും ഒടുവില്‍ കടക്കെണിയില്‍പെട്ട് ദുരിതം പേറി ജീവിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്നു. പ്രവാസ സമൂഹവും ഇതില്‍ നിന്ന് ഭിന്നമല്ല. ഇത്തരം ശീലങ്ങളില്‍ നിന്ന് വഴിമാറി നടക്കാനും ജീവിത ഭദ്രത കൈവരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പ്രവാസി സമൂഹത്തെ സഹായിക്കുക എന്നതുകൂടി സ്നേഹ സംഗമത്തിലൂടെ ദമാം നവോദയ ലക്ഷ്യം വയ്ക്കുന്നു.

കലയും സംസ്കാരവും ആഘോഷമാക്കുന്ന പുതിയ കാലത്ത്, ജീവിത ഗന്ധിയായ ഒരു സംസ്കാരത്തിന്റെ വീണ്െടടുപ്പിനുള്ള വേദി കൂടിയാകും വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന സ്നേഹ സംഗമങ്ങള്‍ ഓരൊന്നും.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം