നിതാഖാത്ത്: മഞ്ഞ വിഭാഗത്തില്‍പെടുന്ന തൊഴിലാളികള്‍ക്കുള്ള നിയന്ത്രണം ഒക്ടോബര്‍ 25 മുതല്‍ നിലവില്‍ വരും
Thursday, October 23, 2014 9:00 AM IST
ദമാം: നിതാഖാത്ത് വ്യവസ്ഥ പ്രകാരം മഞ്ഞ വിഭാഗത്തില്‍പെടുന്ന തൊഴിലാളികള്‍ക്കുള്ള നിയന്ത്രണം ഒക്ടോബര്‍ 25 മുതല്‍ നിലവില്‍ വരും.

സൌദിയില്‍ ആകെ നാലുവര്‍ഷം പൂര്‍ത്തിയാക്കിയ മഞ്ഞ വിഭാഗത്തില്‍ പെടുന്ന തൊഴിലാളികളുടെ ഇഖാമ പുതുക്കി നല്‍കില്ലന്ന് തൊഴില്‍ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഈ വിഭാഗത്തില്‍ പെടുന്നവരുടെ സൌദിയിലെ താമസ കാലയളവ് ആറു വര്‍ഷത്തില്‍നിന്ന് നാലു വര്‍ഷമാക്കി ചുരുക്കിക്കൊണ്ടാണ് ഒക്ടോബര്‍ 25 മുതല്‍ പുതിയ വ്യവസ്ഥ നിലവില്‍ വരുന്നത്.

അടുത്ത ഏപ്രില്‍ മുതല്‍ മഞ്ഞ വിഭാഗക്കാര്‍ക്ക് സൌദിയിലെ താമസ കാലയളവ് രണ്ടു വര്‍ഷമാക്കി ചുരുക്കും. നിതാഖാത്ത് വ്യവസ്ഥ പ്രകാരം സ്വകാര്യസ്ഥാപനങ്ങള്‍ സുരക്ഷാ വിഭാഗത്തിലേക്ക് മാറുന്നതിനുവേണ്ടിയാണ് ഇ ത്തരം വ്യവസ്ഥകള്‍ കൊണ്ടുവരുന്നതെന്ന് ഡപ്യുട്ടി തൊഴില്‍ മന്ത്രി ഡോ. മുഫ്രിജ് അല്‍ ഹുഖ് ബാനി അറിയിച്ചു.

കുറഞ്ഞ പച്ച വിഭാഗത്തിലേക്കുള്ള തൊഴിലാളികളുടെ സേവന മാറ്റത്തിനും ഒക്ടോബര്‍ 25 മുതല്‍ നിരോധനമേര്‍പ്പെടുത്തും. മധ്യവിഭാഗം പച്ചയിലേക്കോ ഉയര്‍ന്ന വിഭാഗം പച്ചയിലേക്കോ മാത്രമേ സേവനമാറ്റം അനുവദിക്കൂ.

മുന്നാംഘട്ടം വനിതാവത്കരണ പദ്ധതിക്കും ശനിയാഴ്ച തുടക്കം കുറിക്കും. നവജാത ശിശുക്കള്‍ക്കും മാതാക്കള്‍ക്കും ആവശ്യമായ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, വനിതകളുടെ ബാഗ്, ചെരിപ്പ് തുടങ്ങിയ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളിലും സൌദി വനിതകളെ മാത്രമേ നിയമിക്കാവൂ എന്നാണ് വ്യവസ്ഥ.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം