ഇന്ത്യന്‍ സ്കൂളുകളില്‍ ജര്‍മന്‍ ഭാഷ പഠിപ്പിക്കുന്ന പദ്ധതി അവസാനിപ്പിച്ചു
Thursday, October 23, 2014 8:59 AM IST
ബര്‍ലിന്‍: ഇന്ത്യയിലെ ആയിരത്തോളം കേന്ദ്രീയ വിദ്യാലയങ്ങളില്‍ ജര്‍മന്‍ ഭാഷ പഠിപ്പിക്കാന്‍ സഹായിച്ചിരുന്ന കരാര്‍ തുടരുന്നില്ലെന്ന് ഇന്ത്യന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. സെപ്റ്റംബറില്‍ ജര്‍മന്‍ വിദേശ മന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റീന്‍മെയര്‍ ഇന്ത്യന്‍ സന്ദര്‍ശിച്ചതിനു പിന്നാലെ കരാര്‍ പുതുക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, കരാര്‍ അവസാനിപ്പിക്കാനാണ് ഇന്ത്യയിലെ മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ തീരുമാനം.

പ്രതിവര്‍ഷം ഏഴു ലക്ഷം യൂറോയുടേതായിരുന്നു പദ്ധതി. ഇതനുസരിച്ച് അഞ്ഞൂറിലേറെ ഇന്ത്യന്‍ സ്കൂളുകളിലായി 78,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ജര്‍മന്‍ ഭാഷ പഠിച്ചിരുന്നു. ആയിരം സ്കൂളുകളില്‍ 115,000 വിദ്യാര്‍ഥികളെ ഭാഷ പഠിപ്പിക്കുന്ന വിധത്തില്‍ പദ്ധതി വിപുലീകരിക്കാന്‍ ആലോചിക്കുന്നതിനിടെയാണ് കരാര്‍ അവസാനിപ്പിക്കാനുള്ള തീരുമാനം വന്നിരിക്കുന്നത്.

പദ്ധതിക്കായി നല്‍കിയിരുന്ന തുക ഉപയോഗിച്ച് എഴുനൂറോളം ജര്‍മന്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കിയിരുന്നു. ജര്‍മനിയിലെ ഗോയ്ഥെ ഇന്‍സ്റിറ്റ്യൂട്ടിനായിരുന്നു പദ്ധതിയുടെ ചുമതല.

ഇപ്പോള്‍, സര്‍ക്കാരിന്റെ ത്രിഭാഷാ നയത്തിനു വിരുദ്ധമാകുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജര്‍മന്‍ ഭാഷയെ പാഠ്യപദ്ധതിയില്‍നിന്ന് ഒഴിവാക്കുന്നത്. ഹിന്ദിയും ഇംഗ്ളീഷും ഒരു ആധുനിക ഇന്ത്യന്‍ ഭാഷയും ഉള്‍പ്പെടുന്നതാണ് ത്രിഭാഷാ നയം. ജര്‍മന്‍ ഭാഷ ഇന്ത്യന്‍ സ്കൂളുകളില്‍ പഠിപ്പിക്കുന്നതിനെതിരേ സംസ്കൃത ഭാഷാ അധ്യാപകരുടെ സംഘടന ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍