അമേരിക്കയില്‍ മലയാളിയായ സഹപ്രവര്‍ത്തകയെ വെടിവച്ചു കൊന്ന് മലയാളി ജീവനൊടുക്കി
Thursday, October 23, 2014 6:45 AM IST
ഹൂസ്റണ്‍ (യുഎസ്എ): ടെക്സാസ് മെഡിക്കല്‍ സെന്ററിനടുത്തുള്ള ബെന്‍ ടാബ് ജനറല്‍ ഹോസ്പിറ്റലിലെ ഫാര്‍മസി ജീവനക്കാരനായ മലയാളി ഒപ്പം ജോലി ചെയ്യുന്ന മലയാളി യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം സ്വയം വെടിവച്ച് ജീവനൊടുക്കി. ഈരാറ്റുപേട്ട സ്വദേശി ജോര്‍ജ് (58)ആണ് കൂടെ ജോലി ചെയ്യുന്ന ഫാര്‍മസിസ്റായ റീനയെ വെടിവച്ചു കൊലപ്പെടുത്തിയത്.

അമേരിക്കന്‍ സമയം ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ആശുപത്രി വളപ്പിലെ ഔട്ട് പേഷ്യന്റ് ഫാര്‍മസിക്കകത്താണ് സംഭവം. ഉച്ചഭക്ഷണം കഴിഞ്ഞു വന്ന ഉടന്‍ തോക്കെടുത്ത് ജോര്‍ജ് വെടിവയ്ക്കുകയായിരുന്നുവത്രെ. അതിനു ശേഷം ജോര്‍ജ് സ്വയം വെടിവച്ചു. ജോര്‍ജ് തല്‍ക്ഷണം മരിച്ചു. റീനയെ ഉടന്‍ തന്നെ ആശുപത്രി എമര്‍ജന്‍സിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആശുപത്രിയുടെ പ്രധാന ഭാഗത്തു നിന്ന് മാറിയാണ് ഫാര്‍മസി സ്ഥിതിചെയ്യുന്നത്. വെടിവയ്പ്പ് നടക്കുമ്പോള്‍ ഏഴു ജീവനക്കാരാണ് ഫാര്‍മസിയിലുണ്ടായിരുന്നത്. വെടിവയ്പ് പരിഭ്രാന്തി പരത്തിയെങ്കിലും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചില്ലെന്ന് അധികൃതര്‍ പറഞ്ഞു. വെടിവയ്പിന് കാരണം എന്താണെന്ന് അറിവായിട്ടില്ല.

അതേസമയം, യുവതിയോട് ജോര്‍ജിന് പ്രണയമായിരുന്നുവെന്നും അവര്‍ ഇത് നിഷേധിച്ചതിന്റെ പ്രതികാരമായി കൊലപാതകം നടത്തുകയായിരുന്നുവെന്നും പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍ അന്വേഷണം പൂര്‍ണമായതിനു ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂ എന്നും പോലീസ് വക്താവ് അറിയിച്ചു.