ബാംഗളൂര്‍ ഇനി ബംഗളൂരു
Wednesday, October 22, 2014 8:01 AM IST
ന്യൂഡല്‍ഹി: എട്ടു വര്‍ഷത്തിനുശേഷം കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. 12 പട്ടണങ്ങളുടെ പേരുകള്‍ മാറിയത് ഔദ്യോഗികമായിനിലവില്‍ വന്നതായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഇതുപ്രകാരം ബാംഗളൂര്‍ ബംഗളൂരു എന്നും ബെല്‍ഗാം ബല്‍ഗവി എന്നും അറിയപ്പെടും. മറ്റു പേരുകള്‍ ഇങ്ങനെ: പഴയപേര്, ബ്രാക്കറ്റില്‍ പുതിയ പേര് എന്ന ക്രമത്തില്‍. ബെല്ലാരി (ബല്ലാരി), ബിജാപുര്‍ (വിജപുര), ചിക്മംഗളൂര്‍ (ചിക്കമഗളൂരു), ഗുല്‍ബര്‍ഗ (കാലാബുരാഗി), മൈസോര്‍ (മൈസൂര്‍), ഹൊസ്പേട് (ഹൊസപെട്ടെ), ഷിമോഗ (ശിവമോഗ),ഹുബ്ളി(ഹുബ്ബല്ലി), തുംകൂര്‍ (തുമകുരു), മാംഗളൂര്‍(മംഗളൂരു).

കര്‍ണാടക സംസ്ഥാനം നിലവില്‍ വന്നതിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പേരുകള്‍ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. 2006 നവംബര്‍ ഒന്നിന് ഇതു സംബന്ധിച്ച നിര്‍ദേശം കേന്ദ്രസര്‍ക്കാരിനു കൈമാറി. ഇന്റലിജന്‍സ് വിഭാഗവും സര്‍വേ, റെയില്‍വേ, പോസ്റല്‍, ശാസ്ത്ര-സാങ്കേതിക വകുപ്പുകളും പേരുകള്‍ മാറ്റുന്നതില്‍ തടസമില്ലെന്ന് ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചതോടെ പേരുകള്‍ മാറ്റുകയായിരുന്നു.