തിരുവല്ലയിലെ എയര്‍ ഇന്ത്യാ ഓഫീസ് നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചു
Wednesday, October 22, 2014 7:58 AM IST
ദമാം: പ്രവാസികള്‍ ഏറ്റവും കൂടുതലുള്ള പ്രദേശമായ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യാ ഓഫീസ് അടച്ചു പൂട്ടാനുള്ള നീക്കത്തിനെതിരെ ഒഐസിസി ദമാം റീജിയണല്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

എയര്‍ ഇന്ത്യാ പ്രവാസി മലയാളികളോട് കാണിക്കുന്ന അവഗണനയുടെ തുടര്‍ച്ചയാണ് ഈ നീക്കമെന്നും ഇതിനെതിരെ മുഖ്യമന്ത്രി, പ്രവാസികാര്യ മന്ത്രി, കേന്ദ്ര വ്യോമയാന മന്തി എന്നിവര്‍ക്ക് ജില്ലാ കമ്മിറ്റി ഫാക്സ് മുഖേന പ്രതിഷേധം അറിയിച്ചു.

ജില്ലാ പ്രസിഡന്റ് ജോണ്‍ കോശി അധ്യക്ഷത വഹിച്ച യോഗം റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ കമ്മിറ്റി എയര്‍ ഇന്ത്യയുടെ അവഗണനക്കെതിരെ നടത്തുന്ന പ്രതിഷേധ പരിപാടികള്‍ക്ക് ദമാം റീജിയണല്‍ കമ്മിറ്റിയുടെ പൂര്‍ണ പിന്തുണ അറിയിക്കുന്നതായി ഉദ്ഘാടന പ്രസംഗത്തില്‍ ബിജു കല്ലുമല പറഞ്ഞു.

സതീഷ് മോഹന്‍ എയര്‍ ഇന്ത്യക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചു. ഇ.കെ.സലിം, രാജു പള്ളിയത്ത്, ഹനീഫ് റാവുത്തര്‍, സുലൈമാന്‍ നിരണം എന്നിവര്‍ പ്രസംഗിച്ചു. തോമസ് തൈപ്പറമ്പില്‍ സ്വാഗതവും രാജു വര്‍ഗീസ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം