ഡോ. പ്രസാദ് തൊട്ടക്കൂറക്ക് ഗാന്ധി സേവാ മെഡല്‍ നല്‍കി ആദരിച്ചു
Wednesday, October 22, 2014 7:39 AM IST
ഇര്‍വിംഗ്: മത സൌഹാര്‍ദ്രവും പരസ്പര സുഹൃദവും ഊട്ടി ഉറപ്പിക്കുന്നതിനും രാജ്യാന്തര ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും ഡോ. പ്രസാദ് തൊട്ടക്കൂറ നടത്തിയ സേവനങ്ങളുടെ അംഗീകാരമായി ഗാന്ധി ഗ്ളോബല്‍ ഫാമിലി, ഗാന്ധി സേവാ മെഡല്‍ നല്‍കി ആദരിച്ചു.

വാഷിംഗ്ടണ്‍ ഡിസിയില്‍ ഒക്ടോബര്‍ 18 ന് (ശനി) നടന്ന ചടങ്ങിലാണ് ഈ അപൂര്‍വ ബഹുമതി ഡോ. പ്രസാദിന് സമ്മാനിച്ചത്. ന്യൂഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനാണ് ഗാന്ധി ഗ്ളോബല്‍ ഫാമിലി. കഴിഞ്ഞ നാലു വര്‍ഷമായി ഇന്ത്യന്‍ കമ്യൂണിറ്റി മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നതിന് നടത്തിയ ശ്രമങ്ങള്‍ ഫലകരമായത് ഡോ. പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു.

ഡാളസ് മെട്രോ പ്ളെക്സിലെ ഇര്‍വിംഗ് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന ജഫര്‍സണ്‍ പാര്‍ക്കില്‍ ഏഴ് അടി ഉയരവും 30 ഇഞ്ച് വ്യാസവും 1500 പൌണ്ട് തൂക്കവുമുളള ഓട്ടു ലോഹത്തില്‍ തീര്‍ത്ത മഹാത്മാഗാന്ധിയുടെ പ്രതിമ ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യപ്പെട്ടത് പ്രസാദ് തോട്ടക്കൂറയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്സസ് എന്ന സംഘടനയുടെ നിസ്വാര്‍ഥ പ്രവര്‍ത്തന ഫലമായിട്ടാണ്.

ഗാന്ധി സേവാ മെഡല്‍ നല്‍കുന്നത്, മഹാത്മാഗാന്ധിയുടെ ആശയങ്ങളും തത്വങ്ങളും വളര്‍ന്ന് വരുന്ന തലമുറക്കും വിദേശ രാജ്യങ്ങളിലും പ്രചരിപ്പിക്കുന്നതില്‍ നിസ്വാര്‍ഥ സേവനം നടത്തുന്നവര്‍ക്കാണ്.

25 വര്‍ഷമായി സാമൂഹ്യ,സേവന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. പ്രസാദ് തൊട്ടക്കൂറക്ക് ഇതിനര്‍ഹിക്കുന്ന അംഗീകാരം തന്നെയാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍