പ്രായമേറിയവര്‍ക്ക് ജര്‍മനിയില്‍ കൂടുതല്‍ അവധി: ഫെഡറല്‍ കോടതി
Wednesday, October 22, 2014 7:36 AM IST
ബര്‍ലിന്‍: പ്രായമേറിയ തൊഴിലാളികള്‍ക്ക് ചെറുപ്പക്കാരെ അപേക്ഷിച്ച് കൂടുതല്‍ ദിവസം അവധിയെടുക്കാമെന്നും അത് വിവേചനമല്ലെന്നും ജര്‍മന്‍ കോടതി വിധി. റൈന്‍ലാന്‍ഡ് പലാറ്റിനേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഷൂ ഫാക്റ്ററിയിലെ യുവാക്കളായ തൊഴിലാളികള്‍ നല്‍കിയ ഹര്‍ജി നിരാകരിച്ചാണ് രാജ്യത്തെ പരമോന്ന ലേബര്‍ കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

58 വയസിനു മുകളിലുള്ള തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ രണ്ടു ദിവസം കൂടുതല്‍ അവധി നല്‍കുന്നത് വിവേചനപരമാണെന്നായിരുന്നു യുവാക്കളുടെ ആരോപണം. എന്നാല്‍, പ്രത്യേക സാഹചര്യങ്ങളില്‍ തൊഴിലാളികളുടെ പ്രായം, പരിചയസമ്പത്ത്, സര്‍വീസ് എന്നിവ പരിഗണിച്ച് ചില സാഹചര്യങ്ങളില്‍ പ്രത്യേക പരിഗണന നല്‍കാന്‍ ജര്‍മന്‍ തൊഴില്‍ നിയമം അനുവദിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം, ഈ വിധി കീഴ്വഴക്കമാകാന്‍ പാടില്ലെന്നും ഇത്തരം കേസുകളില്‍ ഓരോ തൊഴില്‍ സാഹചര്യവും പരിഗണിച്ച് അതനുസരിച്ചു വേണം തീരുമാനമെടുക്കാനെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍