'ദാരിദ്യ്രനിര്‍മാര്‍ജ്ജനം സാമൂഹ്യബാധ്യത'
Wednesday, October 22, 2014 7:32 AM IST
ദോഹ: ദാരിദ്യ്രം നിര്‍മാര്‍ജ്ജനം ചെയ്യേണ്ടത് സമൂഹത്തിന്റെ പൊതുബാധ്യതയാണെന്നും ഗവണ്‍മെന്റ്തലത്തിലും സ്വകാര്യമേഖലയിലും നടക്കുന്ന ശ്രമങ്ങളെ കാര്യക്ഷമവും ക്രിയാത്മകവുമായി ഏകോപിപ്പിച്ച് നടപ്പാക്കേണ്ടതുണ്െടന്നും ലോക ദാരിദ്യ്ര നിര്‍മാര്‍ജ്ജന ദിനാചരണത്തിന്റെ ഭാഗമായി മീഡിയാപ്ളസ് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ലോകം ഏറെ പുരോഗമിക്കുകയും സാമൂഹ്യ,സാംസ്കാരിക,സാമ്പത്തിക രംഗങ്ങളില്‍ വമ്പിച്ച നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്യുമ്പോഴും കോടിക്കണക്കിനാളുകള്‍ ഒരു നേരത്തെ ആഹാരത്തിനുപോലും വഴിയില്ലാതെ കഷ്ടപ്പെടുന്നുവെന്നത് ഏറെ പരിതാപകരമാണ്. മാനവികവും മാനുഷികവുമായ തലങ്ങളില്‍ വിഭവങ്ങളുടെ സന്തുലിതമായ വിതരണം ഉറപ്പുവരുത്തി പട്ടിണിയും പരിവട്ടവും ഇല്ലായ്മ ചെയ്യുന്നതിനുള്ള അടിയന്തര നടപടികളാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.

നിയമവിദഗ്ധനും സ്കോളേഴ്സ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ചെയര്‍മാനുമായ ഡോ. വണ്ടൂര്‍ അബൂബക്കര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുര്‍റഹ്്മാന്‍ കിഴിശേരി വിഷയമവതരിപ്പിച്ചു. എം.ടി. നിലമ്പൂര്‍, കെ.വി. അബ്ദുള്ളക്കുട്ടി, മഹ്മൂദ് മാട്ടൂല്‍, ടി.എം. കബീര്‍, ഷൈനി കബീര്‍ എന്നിവര്‍ പ്രസംഗിച്ചു. മീഡിയാപ്ളസ് സിഇഒ അമാനുള്ള വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. അബ്ദുള്‍ ഫത്താഹ് നിലമ്പൂര്‍ സ്വാഗതവും കുഞ്ഞിമുഹമ്മദ് കൂരിമണ്ണില്‍ നന്ദിയും പറഞ്ഞു.