കലാവേദി സിമ്പോസിയം ഒക്ടോബര്‍ 26 ന്
Wednesday, October 22, 2014 7:29 AM IST
ന്യൂയോര്‍ക്ക്: കല എന്നും മതത്തിനും വിഭഗീയത്ക്കും അതീതമാണ്. ആ സംഹിത ഉള്‍കൊണ്ടുകൊണ്ടാണ് അല്ലെങ്കില്‍ ആ തത്വശാസ്ത്രത്തില്‍ അധിഷ്ടിതമായാണ് കലാവേദി ഉടലെടുത്തിരിക്കുന്നത്. കലാപരമായി കഴിവുള്ള കുട്ടികളെ കണ്െടത്തുന്നതിനും അവര്‍ക്ക് കാലോചിതമായ പ്രോത്സാഹനം നല്‍കുന്ന കാര്യത്തിലും കലാവേദി ബദ്ധശ്രദ്ധരാണ്.

ഒക്ടോബര്‍ 25ന് (ശനി) നടക്കുന്ന കലോത്സവത്തില്‍ നിങ്ങള്‍ക്ക് അതിന്റെ പ്രതിഭലനങ്ങല്‍ കാണാവുന്നതാണ്. കാലം ഒരു കലാകാരനെ എവിടംവരെ എത്തിക്കും എന്ന് മുന്‍കൂട്ടി പ്രവചിക്കാനാവില്ല. പക്ഷെ അതിന്റെ പാതയില്‍ കുടിയേറ്റ മലയാളി കലാകാരന്മാര്‍ക്ക് ഒരു കൈതാങ്ങാകാന്‍ കഴിഞ്ഞാല്‍ വേദിയുടെ പ്രവര്‍ത്തകര്‍ സായുജ്യരായി.

26 ന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിന് 26 നോര്‍ത്ത് ടൈസണ്‍ ലെയിനില്‍ വച്ച് കലാവേദിയുടെ ആഭിമുഖ്യത്തില്‍ സിമ്പോസിയം നടത്തുന്നു. ഈ സിമ്പോസിയം നയിക്കുന്നത് പ്രശസ്ത സാഹിത്യകാരനും മലയാളം സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍, കേരളത്തിന്റെ ചീഫ് സെക്രട്ടറിയും ആയിരുന്ന കെ. ജയകുമാര്‍ ഐഎഎസ് ആണ്. 'മാറുന്ന സാംസ്കാരിക പുരാവൃത്തങ്ങള്‍' എന്നതാണ് വിഷയം.

കേരളത്തിന്റെ ഭുമികയിലും കുടിയേറ്റ മണ്ണിലും സാംസ്കാരിക വ്യതിയാനത്തിന്റെ ചടുല പ്രതിഭാസങ്ങള്‍ പ്രസക്തമായികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അതിനെ വിലയിരുത്തേണ്ടത് ഓരോ മലയാളിയുടെയും ധാര്‍മികമായ ചുമതലയാണ്. കാലം വളരെ വേഗം മുന്നോട്ടു പോവുകയും ലോകം വളരെ ചെറുതാകുകയും ചെയ്ത ഈ കാലയളവില്‍ എങ്ങനെ ജിവിക്കണം എങ്ങനെ ജീവിതത്തിന് ഒരു നിര്‍വചനം കൊടുക്കണം എന്ന കാര്യത്തില്‍ ശരാശരി മലയാളി ആകുലനാണ്. അവിടെയാണ് ഇങ്ങനെയുള്ള സിമ്പോസിയങ്ങള്‍ പ്രസക്തമാകുന്നത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം