ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി നാഷണല്‍ കൌണ്‍സില്‍: ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്യന്‍ സെക്രട്ടറി ജനറല്‍
Tuesday, October 21, 2014 7:53 AM IST
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മേഘാലയത്തിലെ ഷില്ലോംഗില്‍ നിന്നുള്ള ലോക്സഭാംഗവുമായ വിന്‍സന്റ് എച്ച്. പാല പ്രസിഡന്റും ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്യന്‍ (കേരളം) സെക്രട്ടറി ജനറലുമായി ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി നാഷണല്‍ കൌണ്‍സില്‍ പുനസംഘടിപ്പിച്ചു.

ലയണ്‍ സി. ഫ്രാന്‍സീസ് (തെലുങ്കാന) വൈസ്പ്രസിഡന്റ്, ഡല്‍ഹി സംസ്ഥാന ന്യൂനപക്ഷ കമ്മീഷനംഗം അഡ്വ. ഏബ്രഹാം പട്യാനി, മരിയ ഫെര്‍ണാണ്ടസ് (കര്‍ണാടകം), എല്‍സാ ഡിക്രൂസ് (മഹാരാഷ്ട്ര) എന്നിവര്‍ സെക്രട്ടറിമാരും സിറിള്‍ സഞ്ജു ജോര്‍ജ് (ഡല്‍ഹി) നാഷണല്‍ കോഓര്‍ഡിനേറ്ററും ഡേവീസ് ഇടക്കളത്തൂര്‍ (ഖത്തര്‍) ഇന്റര്‍നാഷണല്‍ കോഓര്‍ഡിനേറ്ററുമാണ്.

ഇന്ത്യയിലെ ക്രൈസ്തവ സഭാവിഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെടുന്ന ദേശീയ ഉപദേശക സമിതിക്കും വിവിധ ക്രൈസ്തവ സംഘടനകളുടെ പ്രതിനിധികളടങ്ങുന്ന 101 അംഗ ദേശീയ നിര്‍വാഹക സമിതിക്കും നാഷണല്‍ കൌണ്‍സില്‍ രൂപം കൊടുത്തു.

കേരളത്തില്‍ നിന്ന് മുന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷനംഗം വി.വി.അഗസ്റിന്‍, മുന്‍ കെസിബിസി അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. ലിസി ജോസ്, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ ദേശീയ സെക്രട്ടറി അല്‍ഫോന്‍സ് പെരേര എന്നിവരുള്‍പ്പെടെ വിവിധ ക്രൈസ്തവ സഭകളുടെ പ്രതിനിധികള്‍ കേന്ദ്ര സമിതിയിലുണ്ട്. ഭാരവാഹികള്‍ സെക്കന്തരാബാദില്‍ നവംബര്‍ അവസാനവാരം ചേരുന്ന ചടങ്ങില്‍ സ്ഥാനമേല്‍ക്കും.

പാരമ്പര്യ പൈതൃകങ്ങളിലും ആരാധനക്രമങ്ങളിലും വ്യത്യസ്തത നിലനില്‍ക്കുമ്പോഴും ഇന്ത്യയിലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങളുടെ പൊതുവേദിയാണ് ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി നാഷണല്‍ കൌണ്‍സില്‍. വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ ക്രൈസ്തവ പ്രസ്ഥാനങ്ങള്‍ക്ക് ഐസിസി നാഷണല്‍ കൌണ്‍സിലില്‍ അഫിലിയേഷനുണ്ട്.

ദേശീയ അന്തര്‍ദ്ദേശീയ തലങ്ങളില്‍ ക്രൈസ്തവസമൂഹം വെല്ലുവിളികളേയും പ്രതിസന്ധികളേയും നേരിടുമ്പോള്‍ ഇന്ത്യയിലെ വിവിധ ക്രൈസ്തവ സമൂദായാംഗങ്ങളുടെ ഐക്യവും കൂട്ടായ പ്രവര്‍ത്തനവും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിനുള്ള വേദിയാണ് ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി നാഷണല്‍ കൌണ്‍സിലെന്നും നാഷണല്‍ കോര്‍ഡിനേറ്റര്‍ സിറിള്‍ സഞ്ജു ജോര്‍ജ് ഡല്‍ഹിയില്‍ പറഞ്ഞു.