കേഫാക് ലീഗ്: ടീമുകള്‍ക്ക് സമനില കുരുക്ക്
Tuesday, October 21, 2014 7:49 AM IST
കുവൈറ്റ് : കഴിഞ്ഞ ദിവസം നടന്ന ഗ്രാന്‍ഡ് കേഫാക് ലീഗ് മത്സരത്തില്‍ യംഗ് ഷൂട്ടേഴ്സ് വിജയത്തോടെ തുടക്കം കുറിച്ചപ്പോള്‍ ചാമ്പ്യന്മാര്‍ക്കടക്കം മറ്റു ടീമുകള്‍ സമനിലയില്‍ കുരുങ്ങി. നിലവിലെ ചാമ്പ്യന്‍ ഫഹാഹീല്‍ ബ്രദേഴ്സും രൌദ ചാലഞ്ചേഴ്സും തമ്മില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞു. തുടക്കത്തില്‍ ഇരു ടീമുകള്‍ക്കും താളം കണ്െടത്തുവാന്‍ ബുദ്ധിമുട്ടിയെങ്കിലും പതിനെട്ടാം മിനുട്ടില്‍ രൌദ താരം മൊയ്തീന്‍ ആദ്യ ഗോള്‍ നേടുകയായിരുന്നു. ഗോള്‍ വീണതിനുശേഷം ഉണര്‍ന്നു കളിച്ച ഫഹാഹീല്‍ ടീം ജിബുവിലൂടെ സമനില നേടുകയായിരുന്നു. മികച്ച പ്രകടനം കാഴ്ചവച്ച രൌദ താരം മൊയ്തീന്‍ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡിന് അര്‍ഹനായി.

രണ്ടാം മത്സരത്തില്‍ മാക് കുവൈറ്റും ബ്ളാസ്റ്റേഴ്സ് കുവൈറ്റും ഓരോ ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞു. ലീഗിലെ പുതുക്കക്കാരെങ്കിലും ആദ്യ പകുതിയില്‍ ആവേശം നിറഞ്ഞ മത്സരമാണ് ബ്ളാസ്റ്റേഴ്സ് കുവൈറ്റ് കാഴ്ചവച്ചത്. രണ്ടാം പകുതിയില്‍ വ്യക്തമായ ആസുത്രണത്തോടെ പന്ത് തട്ടിയ മാക് കുവൈറ്റിന് നിരവധി അവസരങ്ങള്‍ ലഭിച്ചുവെങ്കിലും വിജയത്തിലേക്കെത്തുവാനായില്ല. മാക്കിനുവേണ്ടി ഹാഷിമും ബ്ളാസ്റ്റേഴ്സിനുവേണ്ടി രമേഷും ഗോളുകള്‍ നേടി. മാക്കിന്റെ മുഹമ്മദ് സാഹിലിനെ കളിയിലെ കേമനായി തെരഞ്ഞടുത്തു.

മുന്നാം മത്സരത്തില്‍ ലീഗില്‍ ആദ്യമായി ബൂട്ട് കെട്ടിയ അല്‍ ഷബാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി യംഗ് ഷൂട്ടേഴ്സ് അനായാസ വിജയം സ്വന്തമാക്കി. തുടക്കത്തില്‍ അല്‍പ്പം പതറിയെങ്കിലും മത്സരത്തിന്റെ സിംഹഭാഗവും യംഗ് ഷൂട്ടേഴ്സിന്റെ സമഗ്രാധിപത്യമായിരുന്നു. മികച്ച ഒത്തിണക്കം കാട്ടിയ യംഗ് ഷൂട്ടേഴ്സിന്റെ ആക്രമണത്തിനു മുന്നില്‍ കാര്യമായ പ്രതിരോധ കോട്ട തീര്‍ക്കുവാന്‍ അല്‍ ഷബാബിന് കഴിഞ്ഞില്ല. രണ്ട് ഗോളുകള്‍ നേടുകയും മികച്ച അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്ത യംഗ് ഷൂട്ടേഴ്സ് താരം അനസിന് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സമ്മാനിച്ചു. അല്‍ ഷബാബിനുവേണ്ടി ജാസിം ആശ്വാസ ഗോള്‍ നേടി. തുല്യ ശക്തികള്‍ പോരാടിയ അവസാന മത്സരത്തില്‍ കേരള സ്ട്രൈക്കേഴ്സും മലപ്പുറം ബ്രദേഴ്സും ഓരോ ഗോളുകള്‍ വീതം നേടി ഡ്രോയില്‍ പിരിഞ്ഞു. ആദ്യ പകുതി ആക്രമണ ഫുട്ബോള്‍ കാഴ്ചവച്ച് മൈതാനം നിറഞ്ഞ് കളിച്ച കേരള സ്ട്രൈക്കേഴ്സിന്റെ ആധിപത്യത്തോടെയാണ് പിരിഞ്ഞതെങ്കിലും ശക്തമായ മറുപടിയോടെ മലപ്പുറം ബ്രദേഴ്സ് രണ്ടാം പകുതിയില്‍ തിരിച്ചുവരുന്നതാണ് കണ്ടത്. ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കെ വിജയത്തിനായി ഇരു ടീമുകളും പൊരുതിയെങ്കിലും മത്സരം സമനിലയില്‍ ആവുകയായിരുന്നു. മലപ്പുറത്തിന് വേണ്ടി സുല്‍ഫിയും കേരള സ്ട്രൈക്കേഴ്സിനുവേണ്ടി ഹാരിസും ഗോള്‍ നേടി. കളിയുടനീളം മികച്ച പ്രകടനം നടത്തിയ കേരള സ്ട്രൈക്കേഴ്സ് താരം ജഗദീഷാണ് മാന്‍ ഓഫ് ദി മാച്ച്.

അടുത്ത വെള്ളിയാഴ്ച നടക്കുന്ന ലീഗ് മത്സരത്തില്‍ സിഎഫ്സി സാല്‍മിയ ബിഗ് ബോയ്സിനെയും സ്പാര്‍ക്സ് എഫ്സി സ്റാര്‍ ലൈറ്റ് വാരിയേഴ്സിനെയും ബ്രദേഴ്സ് കേരള കെകെഎസ് സുറയുമായും സില്‍വര്‍ സ്റാര്‍ ചാമ്പ്യന്‍ എഫ്സിയുമായും ഏറ്റുമുട്ടും. കുവൈറ്റിലെ മുഴുവന്‍ ഫുട്ബോള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൌകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 99708812, 99783404, 97494035.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍