ഇന്തോ- അമേരിക്കന്‍ പ്രസ് ക്ളബിന്റെ നാഷണല്‍ കോണ്‍ഫ്രന്‍സ് നവംബര്‍ ന്യൂജേഴ്സിയില്‍
Tuesday, October 21, 2014 4:25 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ പത്രപ്രവര്‍ത്തകരെ ഏകോപിപ്പിക്കുകയും രാജ്യത്തെ പത്രപ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പര സഹകരണം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ തുടക്കമിട്ട ഇന്തോ അമേരിക്കന്‍ പ്രസ് ക്ളബിന്റെ നാഷ്ണല്‍ കോണ്‍ഫ്രന്‍സ് നവംബര്‍ 15ന് നടക്കും. ന്യൂജഴ്സി ഈസ്റ് റുഥര്‍ഫോര്‍ഡിലെ ഹില്‍ട്ടണ്‍ ഹോംവുഡ് സ്യൂട്ടില്‍ നടക്കുന്ന കോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് പ്രസ്ക്ളബിന്റെ ഔദ്യോഗിക ഉദ്ഘാടനവും നടക്കുമെന്ന് ഐഎപിസി പ്രസിഡന്റ് അജയ് ഘോഷ് അറിയിച്ചു.

യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റിസ് സിവില്‍ റൈറ്റ്സ് ഡിവിഷന്‍ ആക്ടിംഗ് അസിസ്റന്റ് അറ്റോര്‍ണി ജനറല്‍ വനിത ഗുപത, ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ധ്യാനേശ്വര്‍ മുലെ എന്നിവര്‍ ക്ഷണിക്കപ്പെട്ട അതിഥികളായിരിക്കും. ഹില്‍ട്ടണ്‍ ബാള്‍ റൂമിലെ ഉദ്ഘാടനച്ചടങ്ങിലും തുടര്‍ന്നുള്ള അത്താഴ വിരുന്നിലും ഇവര്‍ പങ്കെടുക്കും. കൂടാതെ മുഖ്യധാരയിലെയും സമാന്തര മേഖലയിലെയും നിരവധി ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുക്കാനും ആശംസയറിയിക്കാനുമെത്തും. ഐഎപിസി അംഗങ്ങളുടെ ജനറല്‍ ബോഡി മീറ്റിംഗോടുകൂടിയാണ് സമ്മേളനം ആരംഭിക്കുക.

തുടര്‍ന്ന് ഫോട്ടോ ജേണലിസത്തില്‍ വര്‍ക്ക്ഷോപ്പ് നടക്കും. മാത്യു മൂലച്ചേരിലിന്റെ നേതൃത്വത്തിലുള്ള സാഹിത്യ സദസുമുണ്ടാകും. തുടര്‍ന്നു മാധ്യമ മേഖലയിലെ നിയമവശങ്ങളെക്കുറിച്ച് ഈശോ ജേക്കബ് സംസാരിക്കുമെന്ന് പ്രസ് ക്ളബ് എക്സിക്യൂട്ടീവ് സെക്രട്ടറി വിനീത നായര്‍ അറിയിച്ചു. നൂറുകണക്കിന് പത്രപ്രവര്‍ത്തകരും മാധ്യമ മേഖലയിലെ പ്രമുഖരും കുടുംബാംഗങ്ങളും ദിവസം മുഴുവന്‍ നീളുന്ന പരിപാടിയുടെ ഭാഗമാകും. ഡിജിറ്റല്‍ ലോകത്തിലെ ഫോട്ടോ ജേണലിസം എന്ന വിഷയത്തിലാണ് വര്‍ക്ക്ഷോപ്പ് നടക്കുക. അമേരിക്കയിലെ പ്രശസ്ത ഫോട്ടോജേണലിസ്റുകള്‍ വര്‍ക്ക്ഷോപ്പിന് നേതൃത്വം നല്‍കുമെന്ന് ട്രഷറര്‍ രാജശ്രീ പിന്റോ വ്യക്തമാക്കി. ഒരു അംഗീകൃത നോണ്‍ പ്രോഫിറ്റ് സംഘടനയായ ഐഎപിസി പത്രപ്രവര്‍ത്തകരുടെ തൊഴില്‍ നിലവാരം മെച്ചപ്പെടുത്തുന്നതിനും ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനും അംഗങ്ങള്‍ക്കും വളര്‍ന്നു വരുന്ന പത്രപ്രവര്‍ത്തകര്‍ക്കും പഠനാവസരങ്ങള്‍ ഒരുക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം പറഞ്ഞു.

പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ പരസ്പര സഹകരണം ഉറപ്പാക്കി ഇന്ത്യന്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തക സമൂഹത്തിന്റെ ശബ്ദമായി മാറുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് ബോര്‍ഡ് ഓഫ് ട്രസ്റീസ് ചെയര്‍മാന്‍ ജിന്‍സ്മോന്‍ സഖറിയ വ്യക്തമാക്കി. രാജ്യത്തുടനീളം ജോലി ചെയ്യുന്ന പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ പരസ്പര സഹകരണം ഉറപ്പാക്കുകയും തൊഴില്‍ സാഹചര്യങ്ങളും നിലവാരവും ഉയര്‍ത്തുകയും ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുക എന്നതാണ് ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ളബ്ബ് കൂട്ടായ്മയുടെ ലക്ഷ്യം. പത്രപ്രവര്‍ത്തക കൂട്ടായ്മയുടെ ശബ്ദമായി മാറുകയാണ് സംഘടനയുടെ അന്തിമ ലക്ഷ്യം. അമേരിക്കയിലെ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകര്‍ ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ളബ് എന്ന സംഘടനയിലൂടെ അണിനിരക്കുന്നത് ഇന്ത്യന്‍ സമൂഹത്തിന്റെ പരാതികളും പ്രതീക്ഷകളും നേട്ടങ്ങളും ദേശീയ തലത്തില്‍ അറിയപ്പെടുന്നതിനും അംഗീകരിക്കപ്പെടുന്നതിനും വഴി തെളിക്കുമെന്ന് സംഘടനയ്ക്ക് വിജയമാശംസിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

രാജ്യത്തുടനീളം ജോലി ചെയ്യുന്ന പത്രപ്രവര്‍ത്തകരെ ഏകോപിപ്പിക്കുകയും പരസ്പരം പിന്തുണയ്ക്കുന്നതിനും മാധ്യമ ലോകത്തും സമൂഹത്തിലും സാന്നിധ്യമറിയിക്കാന്‍ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും ഒരു കുടക്കീഴില്‍ അണിനിരത്തണമെന്നുമുള്ള ദീര്‍ഘനാളത്തെ ആവശ്യത്തിന്റെ പൂര്‍ത്തീകരണമായാണ് പ്രസ് ക്ളബ് രൂപീകൃതമായത്. ഇതുവഴി ഇന്ത്യന്‍ സമൂഹത്തിന് മാധ്യമങ്ങളിലും പൊതു സമൂഹത്തിലും ഉറച്ച ശബ്ദമാകാനും കഴിയും. കഴിഞ്ഞ മാസം ന്യൂയോര്‍ക്കില്‍ നടന്ന ചരിത്രപരമായ സമ്മേളനത്തിലാണ് ഇന്തോ അമേരിക്കന്‍ പ്രസ് ക്ളബ് രൂപം കൊണ്ടത്.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം