കെ.സി. ജോസഫ് യുക്മ നാഷണല്‍ കലാമേള നഗരിയെ നാമകരണം ചെയ്തു
Monday, October 20, 2014 8:10 AM IST
ലണ്ടന്‍: യുകെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ അഞ്ചാമത് നാഷണല്‍ കലാമേളയുടെ ലോഗോ ഒക്ടോബര്‍ 18ന് സ്റോക്ക് ഓണ്‍ ട്രെന്റില്‍ നടന്ന യുക്മ മിഡ്ലാന്‍ഡ്സ് റീജിയണല്‍ കലാമേളയില്‍ കേരള സാംസ്കാരിക മന്ത്രി കെ.സി ജോസഫ് പ്രകാശനം ചെയ്തു.

യുക്മ നാഷണല്‍ കലാമേള വേദിയെ മുന്‍ കൂട്ടി തീരുമാനിച്ചത് അനുസരിച്ച് 'സ്വാതിതിരുനാള്‍ നഗര്‍' എന്ന് അദ്ദേഹം നാമകരണം ചെയ്യുകയും ചെയ്തു. ലോകത്തെ പ്രവാസി മലയാളികളുടെ ഐക്യവും ഒത്തൊരുമയും ഉന്നമനവുമാണ് നോര്‍ക്ക ലക്ഷ്യമിടുന്നതെന്നും യുകെയിലെ മലയാളി സമൂഹത്തെ ഒരു കുടക്കീഴില്‍ ഒത്തിണക്കിയ യുക്മ ഏറെ പ്രശംസ അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

മലയാളത്തിന്റെ തനതായ സംസ്കാരത്തിന്റെയും കലകളുടെയും മേളയായ യുക്മ കലാമേള വേദി കേരളത്തിലെ സ്കൂള്‍ യുവജനോത്സവത്തോട് കിട പിടിക്കുന്നതാണ് എന്ന് എടുത്തുപറഞ്ഞ കെ.സി ജോസഫ് യുക്മ നാഷണല്‍ കലാമേളക്ക് മുന്നോടിയായി നടക്കുന്ന ഒരു റീജിയണല്‍ കലാമേളയാണ് സ്റോക്ക് ഓണ്‍ ട്രെന്റിലെ എന്നറിഞ്ഞപ്പോള്‍ അത്ഭുതം കൂറി. കേരള മന്ത്രി സഭയില്‍ സാംസ്കാരിക വകുപ്പും നോര്‍ക്കയുടെ ഉത്തരവാദിത്തവും ഉള്ള മന്ത്രി പല വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും മലയാളി സംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് എങ്കിലും ഇത്രയേറെ ആസൂത്രിതമായി നടത്തുന്ന മറ്റൊരു പ്രോഗ്രാമോ സംഘടനയോ തന്റെ അറിവിലില്ല എന്നു പറഞ്ഞ മന്ത്രി യുക്മയുടെ പ്രവര്‍ത്തനങ്ങളെ ശ്ളാഘിക്കുവാനും മറന്നില്ല. അദ്ദേഹത്തോടൊപ്പം നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്ജ് ഐഎഎസ്, നോര്‍ക്ക അഡീഷനല്‍ സെക്രട്ടറി ആര്‍.എസ് കണ്ണന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

നവംബര്‍ എട്ടിന് ലെസ്ററിലെ ജഡ്ജ് മെഡോ കമ്യൂണിറ്റി സെന്ററില്‍ നടക്കുന്ന അഞ്ചാമത് യുക്മ നാഷണല്‍ കലാമേളക്ക് മുന്നോടിയായി യുക്മയുടെ എല്ലാ റീജിയണുകളിലും റീജിയണല്‍ കലാമേളകള്‍ സംഘടിപ്പിക്കുന്നുണ്ട്. അത്തരത്തില്‍ സ്റോക്ക് ഓണ്‍ ട്രെന്റില്‍ സ്റാഫ്ഫോര്‍ഡ് ഷെയര്‍ മലയാളി അസോസിയേഷന്‍ ആതിഥ്യമരുളി നടത്തിയ മിഡ്ലാന്‍ഡ്സ് റീജിയണിന്റെ കലാമേള വേദിയിലാണ് മന്ത്രി യുക്മ നാഷണല്‍ കലാമേള ലോഗോ പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്. അംഗങ്ങളായുള്ള 18 അസോസിയേഷനുകളിലും നിന്നുള്ള മല്‍സരാര്‍ഥികളും കാണികളും കൊണ്ട് തിങ്ങി നിറഞ്ഞ സദസ് മന്ത്രിയെയും മാന്യ അതിഥികളെയും ആവേശപൂര്‍വം താലപ്പൊലിയുടെ അകമ്പടിയോടെ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു.

മന്ത്രിക്ക് യുക്മയുടെ ഉപഹാരം യുക്മ നാഷണല്‍ പ്രസിഡന്റ് വിജി കെ.പി നല്‍കുകയും മന്ത്രിയുടെ ഭാര്യ സാറ ജോസഫിന് യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ബീനാ സെന്‍സും അതിഥികളായ നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, നോര്‍ക്ക അഡീഷനല്‍ സെക്രട്ടറി ആര്‍.എസ് കണ്ണന്‍ എന്നിവര്‍ക്ക് യഥാക്രമം രണ്ടാമത്തെ യുക്മ നാഷണല്‍ കലാമേളയില്‍ കലാതിലകപ്പട്ടം അണിഞ്ഞ സ്റോക്ക് ഓണ്‍ ട്രെന്റില്‍ നിന്നുള്ള രേഷ്മ ഏബ്രഹാം, യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ഷാജി തോമസ് എന്നിവരും യുക്മയുടെ സ്നേഹ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. തുടര്‍ന്ന് യുക്മ നാഷണല്‍ പ്രസിഡന്റ് വിജി കെ.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് മിഡ്ലാന്‍ഡ്സ് റീജിയണല്‍ പ്രസിഡന്റ് റോയി ഫ്രാന്‍സീസ് സ്വാഗതം ആശംസിക്കുകയും യുക്മയുടെ ആദ്യ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായ മാമന്‍ ഫിലിപ്പ് നന്ദി അര്‍പ്പിക്കുകയും ചെയ്തു. യുക്മ നാഷണല്‍ കമ്മിറ്റി അംഗം ബിനു മാത്യു സന്നിഹിതനായിരുന്നു.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍