ദമാം അല്‍ഖോബാര്‍ ഘടകം പ്രവാസി സാംസ്കാരിക വേദി പിറന്നു
Monday, October 20, 2014 8:07 AM IST
ദമാം: ദമാം കിംഗ് ഫഹദ് പാര്‍കിലെ ഓഡിറ്റോറിയത്തില്‍ ഒത്തുകൂടിയ മലയാളിസമൂഹത്തെ സാക്ഷിയാക്കി ദമാം അല്‍ഖോബാര്‍ ഘടകം പ്രവാസി സാംസ്കാരിക വേദി പ്രഖ്യാപനം വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കേരള ഘടകം പ്രസിഡന്റ് ഹമീദ് വാണിയമ്പലം നിര്‍വഹിച്ചു.

പ്രതിവര്‍ഷം 60,000 കോടി രൂപ നാട്ടിലത്തിെക്കുകയും ഇന്ത്യന്‍ സാമ്പത്തികാവസ്ഥയുടെ നെടുംതൂണായി വര്‍ത്തിക്കുകയും ചെയ്യുന്ന പ്രവാസി സമൂഹത്തോട് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണനയുടെ ഭാഗമാണ് പ്രവാസികാര്യം വിദേശ വകുപ്പിനോട് ചേര്‍ത്ത നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

അതിനാല്‍ വകുപ്പ് പുന:സ്ഥാപിച്ച് പ്രത്യേകം മന്ത്രിയെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം. പ്രവാസി വോട്ടവകാശം വിനിയോഗിക്കുന്നതിന് ഇ പോസ്റല്‍ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം സ്വഗതര്‍ഹമാണെന്നും എന്നാല്‍ പ്രതിനിധി വോട്ടു സംവിധാനം പുനപരിശോധനക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രവാസി വോട്ടവകാശം എന്നത് പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്ന രീതി ഇനി ആവര്‍ത്തിക്കാന്‍ പാടില്ല. വോട്ടു ചെയ്യാന്‍ മറ്റൊരാളെ അധികാര പെടുത്തുന്ന പ്രതിനിധി വോട്ടു ദുരുപയോഗം ചെയ്യാന്‍ വളരെയധികം സാധ്യതയുണ്ട്. ഇ പോസ്റല്‍ ബാലറ്റ് എന്നത് ഓണ്‍ലൈന്‍ വഴി വോട്ടു രേഖപ്പെടുത്താനുള്ള തലത്തിലേക്ക് പരിവര്‍ത്തിപ്പികുകയും വേണം.

ഇന്ത്യന്‍ പൌരന്‍ അന്യരാജ്യത്ത് അറസ്റ് ചെയ്യപ്പെട്ടാല്‍ അവിടത്തെ എംബസി വിവരം അറിയാതിരിക്കുന്ന സാഹചര്യം അദ്ഭുതകരമാണ്. ഇത് പരിഹരിക്കുന്നതിന് 1983 ലെ ഇന്ത്യന്‍ എമിഗ്രേഷന്‍ ആക്ട് പരിഷ്കരിച്ച് പ്രവാസിക്ക് അനുകൂലമായ നിയമം നടപ്പാക്കാക്കണം. എത് പദ്ധതിക്കും വിദേശ കമ്പനികളെ ആശ്രയിച്ച് പണം അന്യനാട്ടിലേക്ക് കടത്താന്‍ വഴിയൊരുക്കുന്ന സര്‍ക്കാരുകള്‍ നാടിന്റെ വികസന പ്രക്രിയയില്‍ പ്രവാസികളെയും പങ്കാളികളാക്കണമെന്നും ചെറുതും വലുതുമായ അവരുടെ നിക്ഷേപം സ്വീകരിച്ചുകൊണ്ട് അവയുടെ നേട്ടങ്ങള്‍ അവര്‍ക്കും പ്രാപ്യമാക്കണമെന്നും ഹമീദ് ആവശ്യപ്പെട്ടു.

യുപിഎ സര്‍ക്കാരിന്റെ അതേ നയങ്ങള്‍ തന്നെയാണ് ബിജെപി സര്‍ക്കാറും പിന്‍ തുടരുന്നതെന്ന് മുഖ്യ പ്രഭാഷണം നിര്‍വഹിച്ച വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.അംബുജാക്ഷന്‍ പറഞ്ഞു. റെയില്‍വേ, ബാങ്കിംഗ്, പ്രതിരോധ മേഖലകള്‍ അപ്പാടെ സ്വകാര്യ വത്കരിക്കുകയാണ്. ജീവന്‍ രക്ഷാ ഔഷധങ്ങളുടെ വില നിയന്ത്രണം എടുത്തു കളഞ്ഞത് വഴി സാധാരണക്കാരായ രോഗികള്‍ക്ക് ചികിത്സ പോലും അന്യമാവുകയാണ്. ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഊന്നി നിന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഗീയത ഇളക്കി വിട്ടു വോട്ട് തേടുകയാണ്. ഈ ദുസ്ഥിതി മാറ്റിയെടുക്കാന്‍ കേരളീയ നവോഥാന പാരമ്പര്യം വീണ്െടടുക്കണമെന്ന് സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ സമ്മര്‍ദത്തിന്റെ ഉത്പന്നമാണ് വെല്‍ഫെയര്‍ പാര്‍ട്ടി. ഭരണകൂടങ്ങള്‍ കോര്‍പ്പറേറ്റ് വിധേയരാവുകയും ഇടതും വലതുമെല്ലാം ഒന്നാകുന്ന രാഷ്ട്രീയസാഹചര്യം രൂപപ്പെടുകയും ചെയ്തസാഹചര്യമാണ് നിലവില്‍. ഇവിടെയാണ് ഉത്തരവാദിത്തബോധമുള്ള തലമുറയെ അണിനിരത്തി അവകാശനേട്ടത്തിനും അവസരസമത്വത്തിനും വേണ്ടി പുതിയസമര മുഖങ്ങള്‍ തുറക്കാന്‍ പാര്‍ട്ടി രംഗത്തിറങ്ങുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഷാജഹാന്‍ സ്വാഗതം പറഞ്ഞു. റഹ്മത്തെ ഇലാഹി, അബൂബക്കര്‍ പൊന്നാനി, മേരി വിജയ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ദിനേശ് കണ്ണൂര്‍, കല്യാണി രാജ് കുമാര്‍, ഖലീല്‍, അജിത്, ലക്ഷ്മി രാജ് കുമാര്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. സഈദ് ഹമദാനി രചിച്ച 'പ്രവാസി ഗാനം' രാജു നായിഡുവും സംഘവും അവതരിപ്പിച്ചു. പ്രവാസികളുടെ പുനരധിവാസം എന്ന വിഷയത്തിലുള്ള പ്രമേയം ജയേഷ് അല്‍ കോബാറും പ്രവാസി വോട്ടവകാശം എന്ന വിഷയത്തിലുള്ള പ്രമേയം മുജീബും അവതരിപ്പിച്ചു. ഒരു കിളിയും അഞ്ച് വേടന്മാരും എന്ന കവിതയെ അടിസ്ഥാനമാക്കിയുള്ള സംഗീത ശില്‍പം ഫിസ അര്‍ഷദും സംഘവും അവതരിപ്പിച്ചു. ഒപ്പന, ദേശഭക്തി ഗാനത്തെ അടിസ്ഥാനമാക്കിയുള്ള രംഗാവിഷ്കാരം എന്നിവ സദസിന്റെ മനം കവര്‍ന്നു. നാടകം, കവിത, നാടന്‍ പാട്ട്, വില്‍പാട്ട്, ദേശീയ ഗാനം തുടങ്ങിയ വിവിധ കലാ പരിപാടികള്‍ അരങ്ങേറി. ദമാം സെന്‍ട്രല്‍ കമ്മിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലവും അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രഖ്യാപനം സംസ്ഥാന ജനറല്‍ സെക്രട്ടറി അംബുജാക്ഷനും നിര്‍വഹിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം